ശാഹീന്‍ബാഗിലെ പ്രക്ഷോഭകര്‍ക്ക് ഭക്ഷണം വിളമ്പാന്‍ ഫ് ളാറ്റ് വിറ്റ് സിഖ് അഭിഭാഷകന്‍

ശാഹീന്‍ ബാഗിലെ ബിന്ദ്രയുടെ ലങ്കര്‍ സേവനത്തെ പലരും പ്രശംസിച്ചിട്ടുണ്ടെങ്കിലും പോലിസും പ്രാദേശിക ഭരണകൂടവും ഇക്കാര്യത്തില്‍ എതിര്‍ക്കുകയാണ്

Update: 2020-02-09 19:13 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഐതിഹാസിക സമരം നടത്തുന്നവര്‍ക്ക് ഭക്ഷണം വിളമ്പാന്‍ സ്വന്തം ഫ് ളാറ്റ് വിറ്റിരിക്കുകയാണ് സിഖ് മത വിശ്വാസിയായ അഭിഭാഷകന്‍. കര്‍ക്കാര്‍ഡൂമ കോടതിയില്‍ അഭിഭാഷകനായ ഡി എസ് ബിന്ദ്രയാണ് സമരത്തിലെ മുസ് ലിം-സിഖ് സൗഹാര്‍ദ്ദത്തിന്റെ തിളങ്ങുന്ന മുഖമായി മാറിയിരിക്കുന്നത്. വീട്ടമ്മമാരും കുട്ടികളുമെല്ലാം റോഡ് ഉപരോധിച്ച് നടത്തുന്ന സമരപ്പന്തലിലേക്ക് ദിവസങ്ങളോളം ഭക്ഷണം വിളമ്പിയപ്പോള്‍ പണം ഇല്ലാതായി. എന്നാല്‍ ഡി എസ് ബിന്ദ്രയെന്ന മനുഷ്യസ്‌നേഹിയായ അഭിഭാഷകന് സമരക്കാര്‍ക്ക് ഭക്ഷണം വിളമ്പാനുള്ള പണം കണ്ടെത്താന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തന്റെ മൂന്നിലൊരു ഫഌറ്റ് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

    'ഇവിടെയെത്തി ലങ്കര്‍ തുടങ്ങാന്‍ വഹേഗുരുവാണ് എന്നോട് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ കുത്തിയിരിപ്പ് സമരം അനിശ്ചിത കാലത്തേക്ക് തുടരുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. ഇപ്പോള്‍, ദിവസേന ലങ്കര്‍ സംഘടിപ്പിക്കാനുള്ള ഫണ്ടിന്റെ അഭാവം തിരിച്ചടിയായപ്പോള്‍ തന്റെ ഉദ്യമം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പകരം ഫ് ളാറ്റ് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രതിഷേധ സ്ഥലത്തുനിന്ന് 100 മീറ്റര്‍ അകലെ, 13 എ റോഡിലെ ഫുട്ട് ഓവര്‍ ബ്രിഡ്ജിനു താഴെയായാണ് ഭാര്യയ്ക്കും മകനുമൊപ്പം അഡ്വ. ഡി എസ് ബിന്ദ്ര സൗജന്യ ഭക്ഷണ വിതരണം നടത്തുന്നത്. ശാഹീന്‍ ബാഗിലെ സിഎഎ വിരുദ്ധ പ്രതിഷേധത്തിന് രാജ്യത്തുടനീളം വന്‍ പിന്തുണ ലഭിക്കുകയും വിവിധ സമുദായങ്ങളില്‍ നിന്നുള്ളവര്‍ പ്രതിഷേധക്കാരുമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി സ്ഥലത്തെത്തുകയും ചെയ്യുന്ന നിരവധി പുരുഷന്മാരും സ്ത്രീകളും ലങ്കാര്‍ സേവനം ഉപയോഗിക്കുന്നുണ്ട്. ഈയിടെ പഞ്ചാബില്‍ നിന്നുള്ള ഒരു കൂട്ടം സിഖ് കര്‍ഷകരാണ് പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാനെത്തിയത്.

   



സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ അഡ്വ. ഡി എസ് ബിന്ദ്ര, കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ സിഎഎയിലൂടെ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടുകയാണെന്ന് ഉറച്ചുവിശ്വസിക്കുന്നു. മറ്റ് സമുദായങ്ങളിലെ അംഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മുസ്‌ലിംകളെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ശാഹീന്‍ ബാഗ് സമരത്തെ ബിജെപി നേതാക്കള്‍ സാമുദായികവല്‍ക്കരിക്കുമ്പോള്‍ മുസ് ലിം-സിഖ് വിശ്വാസികള്‍ തമ്മിലുള്ള സാഹോദര്യത്തെ ഉയര്‍ത്തിക്കാട്ടുകയാണ് അഡ്വ. ബിന്ദ്ര. ഞങ്ങള്‍ എല്ലാവരും സഹോദരന്മാരാണെന്ന മുദ്രാവാക്യത്തിനു അര്‍ത്ഥതലം നല്‍കുകയാണ് ഈ അഭിഭാഷകന്‍. 'ഒരു മുദ്രാവാക്യം ഉയര്‍ത്തുന്നത് എളുപ്പമാണ്, പക്ഷേ അത് നടപ്പാക്കുകയെന്നത് അത്ര എളുപ്പമല്ലെന്നും ബിന്ദ്ര പറഞ്ഞു.

    ശാഹീന്‍ ബാഗിലെ ബിന്ദ്രയുടെ ലങ്കര്‍ സേവനത്തെ പലരും പ്രശംസിച്ചിട്ടുണ്ടെങ്കിലും പോലിസും പ്രാദേശിക ഭരണകൂടവും ഇക്കാര്യത്തില്‍ എതിര്‍ക്കുകയാണ്. ബിന്ദ്രയുടെ ലങ്കാറിനെ തകര്‍ക്കനാണ് അവര്‍ ശ്രമിച്ചത്. ഒരു ദിവസം പോലിസെത്തി സേവനം തടസ്സപ്പെടുത്തുകയും പാത്രങ്ങളെല്ലാം എടുത്തുകളയുകയും ചെയ്തതായി ബിന്ദ്ര പറഞ്ഞു. എന്തു തന്നെയായാലും ചെറിയ തോതിലെങ്കിലും തന്റെ സേവനം തുടരുമെന്ന് ബിന്ദ്ര ഉറപ്പുനല്‍കുന്നു. പ്രതിഷേധ സ്ഥലത്തിന് സമീപത്തെ പാര്‍ക്കിങ് ഏരിയയിലാണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നത്. എന്നാല്‍, സമീപപ്രദേശങ്ങളിലെ സാധാരണക്കാര്‍ ഇദ്ദേഹത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്. ശാഹീന്‍ ബാഗില്‍ സമരം നടത്തുന്ന സ്ത്രീകളോട് ഏറെ ആദരവ് കാട്ടുകയാണ് ബിന്ദ്ര. ഈ സ്ത്രീകള്‍ വെറും മനുഷ്യരല്ലെന്നും അവര്‍ ധീരരും ദൃഢനിശ്ചയവുമുള്ള സിംഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന് ഒരു വീടും രണ്ട് ഫ്‌ളാറ്റുകളുമാണുള്ളത്. 20 ദിവസമായി തുടരുന്ന സേവനം പ്രതിഷേധം തുടരുവോളം ഉണ്ടാവുമെന്ന് ബിന്ദ്ര പറഞ്ഞു. ഹിന്ദുത്വരുടെ കുപ്രചാരണങ്ങളെ തള്ളിക്കളയുന്ന ബിന്ദ്ര, മുഗളന്മാര്‍ പണ്ട് എന്തുചെയ്തുവെന്നത് പ്രശ്‌നമല്ലെന്നും അതൊന്നും ഇപ്പോള്‍ നമ്മള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് ഒരു ന്യായീകരണവുമല്ലെന്നും പറഞ്ഞു. 'ഞങ്ങള്‍ ഇപ്പോള്‍ ഇവിടെ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. ശാഹീന്‍ ബാഗ് കുത്തിയിരിപ്പ് പ്രതിഷേധം ഓര്‍മിക്കുമ്പോഴെല്ലാം, ഈ ലങ്കറും രണ്ട് സമുദായങ്ങളുടെ സാഹോദര്യവും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം ആത്മസംതൃപ്തിയോടെ പറഞ്ഞു.



Tags:    

Similar News