ഡിഎന്‍എ പരിശോധനയ്ക്കു സമ്മതമെന്നു ബിനോയ്

Update: 2019-07-08 12:03 GMT

മുബൈ: ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഡിഎന്‍എ പരിശോധനയ്ക്കു സമ്മതമാണെന്നു ബിനോയ് കോടിയേരി. മുംബൈ ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ എത്തിയ ബിനോയിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തിരുന്നു. ഡിഎന്‍എ പരിശോധനക്കായി രക്തസാംപിളുകള്‍ നല്‍കണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം ബിനോയ് അംഗീകരിച്ചതായാണ് വിവരം.

ഇന്ന് ഉച്ചയ്ക്ക് 12.15 നാണ് ബിനോയ് കോടിയേരി ഓഷിവാര പോലിസ് സ്‌റ്റേഷനില്‍ ഹാജരായത്. ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലാണ് നേരത്തെ ഡിന്‍ഡോഷി സെഷന്‍സ് കോടതി ബിനോയിക്ക് ജാമ്യം അനുവദിച്ചത്.

അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായ ബിനോയ് കോടിയേരിയെ പോലിസ് ചോദ്യം ചെയ്തു. യുവതി ഹാജരാക്കിയ തെളിവുകളില്‍ ബിനോയ് കോടിയേരിയുടെ വിശദീകരണം തേടിയ ശേഷമാണ് ഡിഎന്‍എ പരിശോധനയ്ക്ക് സന്നദ്ധനാവണമെന്ന് പോലിസ് ആവശ്യപ്പെട്ടത്. അടുത്ത തിങ്കളാഴ്ച പരിശോധനയ്ക്കായി രക്തസാമ്പിള്‍ നല്‍കണമെന്നാണ് പോലിസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന വേണമെന്നായിരുന്നു പീഡനപരാതി ഉന്നയിച്ച യുവതിയുടെ പ്രധാന ആവശ്യം. അതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന് ഉചിതമായ തീരുമാനമെടുക്കാമെന്ന് കോടതിയും വ്യക്തമാക്കിയിരുന്നു. തെളിവ് നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    

Similar News