പൂര്‍ണഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം തല്ലിത്തകര്‍ത്ത സംഭവം: രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മുഖ്യപ്രതി കണ്ണപുരം ഇരിണാവ് സ്വദേശി സഹദേവന്റെ മകന്‍ പരത്തി ഹൗസില്‍ ദീപക് (28), കണ്ണപുരം കോട്ടപ്പാലത്തെ മുകുന്ദന്റെ മകന്‍ പൊന്നന്‍ ഹൗസില്‍ ശ്രീരണ്‍ദീ (36) എന്നിവരെയാണ് പയ്യന്നൂര്‍ പോലിസ് അറസ്റ്റുചെയ്തത്.

Update: 2021-03-30 11:45 GMT

കണ്ണൂര്‍: കല്യാശ്ശേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രചാരണാര്‍ഥം നടത്തിയ റോഡ് ഷോയ്ക്കിടെ പൂര്‍ണഗര്‍ഭിണിയുമായി ആശുപത്രിയിലേയ്ക്ക് പോയ കാര്‍ തടഞ്ഞ് തല്ലിത്തകര്‍ത്ത സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. മുഖ്യപ്രതി കണ്ണപുരം ഇരിണാവ് സ്വദേശി സഹദേവന്റെ മകന്‍ പരത്തി ഹൗസില്‍ ദീപക് (28), കണ്ണപുരം കോട്ടപ്പാലത്തെ മുകുന്ദന്റെ മകന്‍ പൊന്നന്‍ ഹൗസില്‍ ശ്രീരണ്‍ദീ (36) എന്നിവരെയാണ് പയ്യന്നൂര്‍ പോലിസ് അറസ്റ്റുചെയ്തത്.

പയ്യന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എം സി പ്രമോദ്, പ്രിന്‍സിപ്പല്‍ എസ്‌ഐ കെ ടി ബിജിത്ത്, ജൂനിയര്‍ എസ്‌ഐ അഭിലാഷ്, വനിതാ സിവില്‍ പോലിസ് ഓഫിസര്‍ ബേബി സുനില ഫെര്‍ണാണ്ടസ് എന്നിവരടങ്ങിയ സംഘം ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ കണ്ണപുരം പോലിസിന്റെ സഹായത്തോടെ വീടുവളഞ്ഞാണ് പിടികൂടിയത്. കാര്‍ തകര്‍ക്കുന്നതുകണ്ട് അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചെറുതാഴത്തെ പൂക്കാടത്ത് വീട്ടില്‍ നാസില (29) യുടെ പരാതിയിലാണ് പയ്യന്നൂര്‍ പോലിസ് കേസെടുത്തത്.

തിങ്കളാഴ്ച വൈകീട്ട് ആറോടെ ദേശീയപാതയില്‍ എടാട്ടായിരുന്നു അക്രമം. ചെറുതാഴം സ്വദേശിനി ഗര്‍ഭിണിയായ നാസിലയും കുടുംബവും ചെറുതാഴത്തുനിന്നും പയ്യന്നൂര്‍ ആശുപത്രിയിലേക്ക് പോവുന്നതിനിടയിലാണ് ബൈക്കുകളിലെത്തിയ 15 ഓളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. ഗര്‍ഭസ്ഥശിശുവിന് പ്രശ്‌നമുള്ളതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് പയ്യന്നൂരിലേക്ക് പുറപ്പെട്ടത്. കാര്‍ തടഞ്ഞവരോട് നാസിലയുടെ ഗുരുതരാവസ്ഥ പറഞ്ഞെങ്കിലും യാത്രതുടരാന്‍ അനുവദിച്ചില്ല. കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തു. നാസിലയുടെ ഭര്‍ത്താവ് അബ്ദുല്‍ മുനീറിനെ വലിച്ചിട്ട് മര്‍ദ്ദിച്ചു.

കാര്‍ തകര്‍ക്കുന്നതുകണ്ട് നാസില കുഴഞ്ഞുവീണു. ഒരുമണിക്കൂര്‍ കഴിഞ്ഞാണ് യാത്ര തുടരാനായത്. കാറിലുണ്ടായിരുന്ന ഉമ്മറിനെയും യുവതിയെയും പതിനഞ്ചോളം വരുന്ന സംഘം അസഭ്യം പറയുകയും ഡോര്‍ തുറക്കാന്‍ പറ്റാത്തതിനെത്തുടര്‍ന്ന് കാറിന്റെ ഗ്ലാസ് തല്ലിത്തകര്‍ക്കുകയുമായിരുന്നുവെന്ന് നാസില പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാറിന്റെ ഗ്ലാസ് തകര്‍ത്തതില്‍ ഉള്‍പ്പെടെ 25,000 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയിലുണ്ട്. പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെ ലേബര്‍ വാര്‍ഡില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് നാസില.

Tags:    

Similar News