സെക്രട്ടറിയേറ്റില്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറി, ബിജെപിയും യുഡിഎഫും കലാപത്തിന് ആസൂത്രണം ചെയ്തു: മന്ത്രി ഇ പി ജയരാജന്‍
ഇരുവിഭാഗവും പരസ്പരം ആലോചിച്ച് ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയായിരുന്നുവെന്ന് ഇ പി ജയരാജന്‍ ആരോപിച്ചു.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ യുഡിഎഫിനെയും ബിജെപിയെയും വിമര്‍ശിച്ച് മന്ത്രി ഇ പി ജയരാജന്‍. ബിജെപിയും യുഡിഎഫും കലാപത്തിന് ആസൂത്രണം ചെയ്തു. ഇരുവിഭാഗവും പരസ്പരം ആലോചിച്ച് ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയായിരുന്നുവെന്ന് ഇ പി ജയരാജന്‍ ആരോപിച്ചു.
സെക്രട്ടറിയേറ്റില്‍ ബിജെപി നേതാക്കള്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇവിടെ തീപിടിത്തം ഉണ്ടാക്കി ആളുകളെയൊക്കെ ഇളക്കിവിട്ട ശേഷം നിവേദനം കൊടുക്കാന്‍ ഗവര്‍ണറെ പോയി കണ്ടു. ഇതെല്ലാം കാണുമ്പോള്‍ പരസ്പരം ആലോചിച്ച് ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു എന്നാണ് മനസിലാകുന്നത്. കഴിഞ്ഞ ദിവസം നടന്ന നിയമസഭ സമ്മേളനത്തില്‍ പ്രതിപക്ഷത്തിന് നിരാശയായിരുന്നു ഫലം. ഇതില്‍ അണികള്‍ക്കുളള പ്രതിഷേധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിവിട്ട നീക്കങ്ങള്‍ക്ക് ശ്രമിക്കരുതെന്ന് മാത്രമാണ് അഭ്യര്‍ത്ഥിക്കാനുളളതെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫിന്റെ ഭരണകാലത്തും സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായിട്ടുണ്ട്. 300ലധികം ഫയലുകള്‍ പൂജപ്പുര ജയില്‍ വളപ്പില്‍ വച്ച് കത്തിച്ച സംഭവത്തില്‍ അന്വേഷണം വരെ നടന്നതാണ്. നിലവില്‍ സെക്രട്ടറിയേറ്റില്‍ ഇഫയലിങ് സംവിധാനമാണ് ഉളളത്. കോവിഡ് കാലത്ത് നിയന്ത്രണമില്ലാത്ത ആള്‍ക്കൂട്ടത്തെയാണ് കണ്ടത്. പൊലീസിനെ ആക്രമിക്കുന്ന സ്ഥിതി വരെയുണ്ടായി. ഇത്തരം അക്രമ സംഭവങ്ങളില്‍ നിന്ന് പ്രതിപക്ഷം പിന്തിരിയണം. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷനും സമാനമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡ് കാലത്ത് യുവാക്കളെ സമരത്തിലേക്ക് വലിച്ചിഴക്കുന്നത് ആപത്താണ്. അവരുടെ രക്ഷിതാക്കളോട് മറുപടി പറയേണ്ടി വരുമെന്നും ഇ പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കി. ഇതെല്ലാം ഉള്‍ക്കൊണ്ട് ജനാധിപത്യപരമായി സമരം ചെയ്യാന്‍ തയ്യാറാകണം. പ്രതിപക്ഷം അവരുടെ ഉത്തരവാദിത്തം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണ കളളക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ അന്വേഷണ ഏജന്‍സികളുടെ കൈയിലുണ്ട്. ഇതെല്ലാം സൂക്ഷിക്കുന്ന സ്ഥലമല്ല സെക്രട്ടറിയേറ്റെന്നും അദ്ദേഹം വ്യക്തമാക്കി.