ബിജെപിയുടെ കള്ളപ്പണം കവര്‍ന്ന കേസ്; പ്രതി മാര്‍ട്ടിനില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ കണ്ടെടുത്തു
തൃശൂര്‍ വെള്ളാങ്ങല്ലൂരിലെ വീട്ടില്‍ മെറ്റലിനുള്ളില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു പണം. കവര്‍ച്ചയ്ക്ക് ശേഷം പ്രതി കാറും സ്വര്‍ണവും വാങ്ങിയതായും അന്വേഷണം സംഘം കണ്ടെത്തി.
തൃശൂര്‍: കൊടകരയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച കോടികളുടെ കള്ളപ്പണം കവര്‍ന്ന കേസിലെ ആറാം പ്രതി മാര്‍ട്ടീന്റെ വീട്ടില്‍ നിന്ന് പോലിസ് ഒന്‍പത് ലക്ഷം രൂപ കണ്ടെടുത്തു. തൃശൂര്‍ വെള്ളാങ്ങല്ലൂരിലെ വീട്ടില്‍ മെറ്റലിനുള്ളില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു പണം. കവര്‍ച്ചയ്ക്ക് ശേഷം പ്രതി കാറും സ്വര്‍ണവും വാങ്ങിയതായും അന്വേഷണം സംഘം കണ്ടെത്തി. കവര്‍ച്ചനടന്ന ശേഷം മൂന്ന് ലക്ഷം രൂപയുടെ ഇന്നോവ കാറും മുന്നര ലക്ഷം രൂപയുടെ സ്വര്‍ണവും വാങ്ങിയതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിനൊപ്പം നാല് ലക്ഷം രൂപ ബാങ്കില്‍ അടച്ചതായും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് മൂന്നര കോടിയോളം രൂപയും കാറും കൊടകരയില്‍ ഗുണ്ടാ സംഘം കവര്‍ച്ച ചെയ്തത്. എന്നാല്‍ 25 ലക്ഷം നഷ്ടപ്പെട്ടുവെന്നാണ് കോഴിക്കോട്ടെ വ്യവസായിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ധര്‍മ്മരാജന്‍ ്രൈഡവര്‍ ഷംജീര്‍ വഴി പൊലീസിന് പരാതി നല്‍കിയത്. നഷ്ടപ്പെട്ട മൂന്നരക്കോടിയില്‍ ഒരു കോടി മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ബാക്കി തുക കണ്ടെത്താനും പണത്തിന്റെ ഉറവിടത്തെപ്പറ്റി വ്യക്തത വരുത്താനും കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ നടക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ആലപ്പുഴ പോലിസ് ട്രെയിനിങ് സെന്ററില്‍ ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
ധര്‍മരാജുമായി കെ ജി കര്‍ത്ത നിരവധി തവണ ഫോണില്‍ സംസാരിച്ചതിന്റേയും കവര്‍ച്ച നടന്ന ദിവസം ഇരുവരും ഫോണില്‍ ബന്ധപ്പെട്ടതിന്റേയും തെളിവുകള്‍ പോലിസിന് ലഭിച്ചു.നേരത്തേ അറിയിച്ചിട്ടും വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബിജെപി സംഘടന സെക്രട്ടറി ഗണേശന്‍, ഓഫിസ് സെക്രട്ടറി ഗിരീഷ് എന്നിവര്‍ ഇന്ന് ഹാജരായേക്കും.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഓരോ നിയോജക മണ്ഡലങ്ങളിലും ബിജെപി കോടികളുടെ കള്ളപ്പണമെത്തിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.