ബിജെപിയുടെ കള്ളപ്പണം കവര്‍ച്ച ചെയ്ത കേസ്; പാര്‍ട്ടി തൃശൂര്‍ ജില്ലാ ഓഫിസ് സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും
രാവിലെ പത്തിന് തൃശൂര്‍ പോലിസ് ക്ലബില്‍ ഹാജരാവാനാണ് ഇയാളോട് നിര്‍ദേശിച്ചിരിക്കുന്നത്.
തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എത്തിച്ച ബിജെപിയുടെ കള്ളപ്പണം കവര്‍ച്ച ചെയ്ത കേസില്‍ ബിജെപി തൃശൂര്‍ ജില്ല ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തിന് തൃശൂര്‍ പോലിസ് ക്ലബില്‍ ഹാജരാവാനാണ് ഇയാളോട് നിര്‍ദേശിച്ചിരിക്കുന്നത്.
പണവുമായെത്തിയ ധര്‍മ്മരാജന്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് തൃശൂരില്‍ ഹോട്ടല്‍ മുറി എടുത്ത് നല്‍കിയത് സതീഷാണെന്ന് അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്.
പണമിടപാടില്‍ ബിജെപി ഉന്നത നേതൃത്വത്തിനും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതു കണ്ടെത്തുന്നതിനാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍.
കോഴിക്കോട് നിന്നും മൂന്നരക്കോടി കുഴല്‍പ്പണവുമായി വന്ന ധര്‍മ്മരാജനും സംഘത്തിനും തൃശൂര്‍ നാഷണല്‍ ഹോട്ടലില്‍ താമസമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വമാണെന്നാണ് ഹോട്ടല്‍ ജീവനക്കാരന്‍ വ്യക്തമാക്കിയിരുന്നു. വൈകീട്ട് ഏഴിന് ശേഷമായിരുന്നു മുറിയെടുത്തതെന്നും 12 മണിയോടെ രണ്ട് വാഹനങ്ങളിലായെത്തിയ സംഘം 215, 216 നമ്പര്‍ മുറികളില്‍ താമസിച്ചെന്നും ഹോട്ടല്‍ ജീവനക്കാരന്‍ പറയുന്നു.
പുലര്‍ച്ചയോടെ ആലപ്പുഴയ്ക്ക് പുറപ്പെട്ട സംഘത്തെ കൊടകരയില്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഹോട്ടല്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.
ഓരോ ജില്ലയിലും തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് മുന്നൂറോളം കോടി രൂപ എത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് കോടികളുടെ കള്ളപ്പണം അതാത് മണ്ഡലങ്ങളിലെത്തിക്കാനാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
പ്രധാന പാതകളിലെ പോലിസ് പരിശോധനയില്‍നിന്ന് രക്ഷപ്പെടുന്നതിനുള്ള മറയായിട്ടാണ് ഹെലികോപ്റ്ററിലൂടെ പണം കടത്തിയതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന് ഇതു സംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം.