'എന്റെ ജനതക്ക് ഒപ്പം നില്‍ക്കുന്നതില്‍ നിന്ന് ലോകത്തെ ഒരു ശക്തിക്കും എന്നെ തടയാനാവില്ല'; ബിജെപിയെ വെല്ലുവിളിച്ച് മമത

'ബിജെപി അവരുടെ സര്‍വ സന്നാഹങ്ങളും പ്രയോഗിക്കട്ടെ, എന്നാല്‍, എന്റെ ജനതക്ക് ഒപ്പം നില്‍ക്കുന്നതില്‍ നിന്നും അവരുടെ വേദനകളില്‍ പങ്കുചേരുന്നതില്‍ നിന്നും ലോകത്ത് ഒരു ശക്തിക്കും എന്നെ തടയാനാവില്ല. കുച്ച് ബിഹാറിലെ എന്റെ സഹോദരി സഹോദരന്‍മാരെ സന്ദര്‍ശിക്കുന്നിതില്‍ നിന്ന് മൂന്ന് ദിവസം അവര്‍ക്കെന്നെ തടയാം. എന്നാല്‍, നാലാം ദിവസം ഞാന്‍ അവിടെ ഉണ്ടായിരിക്കും'. മമത ട്വീറ്റ് ചെയ്തു.

Update: 2021-04-11 07:21 GMT

ന്യൂഡല്‍ഹി: ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരേ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൂച്ച് ബിഹാര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മമതയെ തടഞ്ഞ സംഭവത്തിലാണ് മമതയുടെ വിമര്‍ശനം. ഇസിയെ മോദി കോഡ് ഓഫ് കണ്ടക്ട്(എംസിസി) എന്ന് പേര് മാറ്റണമെന്ന് മമത ആവശ്യപ്പെട്ടു. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു അവരുടെ പ്രതികരണം.

'ബിജെപി അവരുടെ സര്‍വ സന്നാഹങ്ങളും പ്രയോഗിക്കട്ടെ, എന്നാല്‍, എന്റെ ജനതക്ക് ഒപ്പം നില്‍ക്കുന്നതില്‍ നിന്നും അവരുടെ വേദനകളില്‍ പങ്കുചേരുന്നതില്‍ നിന്നും ലോകത്ത് ഒരു ശക്തിക്കും എന്നെ തടയാനാവില്ല. കുച്ച് ബിഹാറിലെ എന്റെ സഹോദരി സഹോദരന്‍മാരെ സന്ദര്‍ശിക്കുന്നിതില്‍ നിന്ന് മൂന്ന് ദിവസം അവര്‍ക്കെന്നെ തടയാം. എന്നാല്‍, നാലാം ദിവസം ഞാന്‍ അവിടെ ഉണ്ടായിരിക്കും'. മമത ട്വീറ്റ് ചെയ്തു.

നാലാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിനിടേയാണ് പശ്ചിമബംഗാളില്‍ പലയിടത്തും ആക്രമണം പൊട്ടിപുറപ്പെട്ടത്. ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ കേന്ദ്രസേന ഇടപെട്ടു. വെടിവയ്പിലും ആക്രമണത്തിലുമായി മരണപ്പെട്ടവരുടെ എണ്ണം അഞ്ചായതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കൂച്ച് ബിഹാര്‍ ജില്ലയിലാണ് സംഘര്‍ഷം. സിറ്റാല്‍കുച്ചിയിലെ പത്തന്തുലി പ്രദേശത്തെ 85ാം നമ്പര്‍ പോളിങ് ബൂത്തിനു പുറത്തുണ്ടായ ആദ്യ വെടിവയ്പില്‍ ആനന്ത് ബര്‍മന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസും മരിച്ചയാള്‍ ബൂത്തിലെ തങ്ങളുടെ പോളിങ് ഏജന്റാണെന്നും തൃണമൂല്‍ കോണ്‍ഗ്രസാണ് പിന്നിലെന്നും ബിജെപിയും ആരോപിച്ചു. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ്ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തിനു കാരണമായി. ബൂത്തിന് പുറത്ത് ബോംബെറിയുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്ര സേന ലാത്തി ചാര്‍ജും വെടിവയ്പും നടത്തിയപ്പോഴാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന. കേന്ദ്രസേന നടത്തിയ വെടിവയ്പിലാണ് കൊല്ലപ്പെട്ടതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നാലാം ഘട്ടത്തില്‍ 16,000 ത്തോളം പോളിങ് സ്‌റ്റേഷനുകള്‍ക്ക് സുരക്ഷ നല്‍കാന്‍ കേന്ദ്ര സായുധ പോലിസ് സേനയില്‍ (സിഎപിഎഫ്) 80,000 ത്തോളം ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിരുന്നത്. സിഎപിഎഫിന്റെ 187 കമ്പനികളിലെ ഏറ്റവും കൂടുതല്‍ പേരെ വിന്യസിച്ചതും ഇവിടെയാണ്.

Tags:    

Similar News