ഫല പ്രഖ്യാപനത്തിന് മുമ്പെ വിജയം പ്രഖ്യാപിച്ച് ബിജെപി; വികസനത്തിനുള്ള വിജയമെന്ന് അമിത് ഷാ

50 സീറ്റുകളില്‍ ഇപ്പോഴും വോട്ടെണ്ണല്‍ പുരോഗമിക്കവെയാണ് മന്ത്രിയുടെ ഈ പ്രഖ്യാപനം.

Update: 2020-11-10 18:40 GMT

ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിന് (എന്‍ഡിഎ) ബിഹാറില്‍ വിജയം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 50 സീറ്റുകളില്‍ ഇപ്പോഴും വോട്ടെണ്ണല്‍ പുരോഗമിക്കവെയാണ് മന്ത്രിയുടെ ഈ പ്രഖ്യാപനം.

രാത്രി 11.40ലെ കണക്കുകള്‍ പ്രകാരം എന്‍ഡിഎ 124 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ പ്രതിപക്ഷ സഖ്യം കേവല ഭൂരിപക്ഷത്തിന് 13 സീറ്റുകള്‍ മാത്രം അകലെയാണ്.

പൊള്ളയായ വാഗ്ദാനങ്ങളും ജാതീയതയും രാഷ്ട്രീയ പ്രീണനവും ബീഹാറിലെ എല്ലാ വിഭാഗം ജനങ്ങളും തള്ളിക്കളയുകയും എന്‍ഡിഎയുടെ വികസന അജണ്ടയെ പിന്തുണയ്ക്കുകയും ചെയ്തു.-ഷാ ചൊവ്വാഴ്ച രാത്രി ട്വീറ്റ് ചെയ്തു.

അതേസമയം, 119 സീറ്റുകളില്‍ തങ്ങള്‍ വിജയിച്ചതായി തേജശ്വി യാദവിന്റെ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം അവകാശപ്പെട്ടു. എന്നാല്‍, ജെഡിയു-ബിജെപി സര്‍ക്കാര്‍ ഫലം വൈകിപ്പിക്കാനും അവര്‍ക്ക് അനുകൂലമായി മാറ്റിമറിക്കാനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും ആര്‍ജെഡി ആരോപിച്ചു.

Tags:    

Similar News