ലോക്ക് ഡൗണ്‍ ലംഘിച്ച് ജന്മദിനാഘോഷം; ബിജെപി നേതാവ് ഉള്‍പ്പെടെ 11 പേര്‍ അറസ്റ്റില്‍
പ്രതികള്‍ക്കെതിരേ ഐപിസി സെക്ഷന്‍ 188, 269 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്
മുംബൈ: കൊവിഡ് 19 വൈറസ് വ്യാപനം തടയാനായി രാജ്യത്ത് പ്രഖ്യാരിച്ച ലോക്ക് ഡൗണ്‍ ലംഘിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ജന്‍മദിനാഘോഷം സംഘടിപ്പിച്ച ബിജെപി നേതാവ് ഉള്‍പ്പെടെ 11 പേര്‍ അറസ്റ്റില്‍. രാജ്യത്ത് കൊവിഡ് 19 ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് സംഭവം. മഹാരാഷ്ട്രയിലെ റെയ്ഗഡ് ജില്ലയിലെ പന്‍വേലിലാണ് പന്‍വേല്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കോര്‍പറേറ്റര്‍ കൂടിയായ ബിജെപി നേതാവ് അജയ് ബഹിറ അറസ്റ്റിലായത്. ഇയാളുടെ ബംഗ്ലാവിലാണ് ആഘോഷം നടന്നത്.
നിര്‍ദേശങ്ങള്‍ ലംഘിച്ച് ഏപ്രില്‍ 10 വെള്ളയാഴ്ച രാത്രി ഏതാനും പേര്‍ ജന്മദിനാഘോഷത്തിനായി ഒത്തുകൂടിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസെത്തിയത്. ബിജെപി നേതാവിന്റെ ബംഗ്ലാവിനു മുകളില്‍ ആഘോഷം നടക്കുന്നുണ്ടെന്നായിരുന്നു വിവരം. സ്ഥലത്തെത്തിയ പോലിസ് അജയ് ബഹിറക്കൊപ്പം 10 പേരെയും സംഭവ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തതായി പന്‍വേല്‍ പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അജയ്കുമാര്‍ ലാന്‍ഗെ പറഞ്ഞു. പ്രതികള്‍ക്കെതിരേ ഐപിസി സെക്ഷന്‍ 188, 269 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നേരത്തെ, ലോക്ക്ഡൗണ്‍ ലംഘിച്ച് കര്‍ണാടകയിലെ തുംകൂരുവിലെ എംഎല്‍എ എം ജയറാം നൂറിലേറെ പേരെ പങ്കെടുപ്പിച്ച് പിറന്നാളാഘോഷം നടത്തിയിരുന്നു.