ബ്രാഹ്മണര്‍ക്കെതിരേ തുറന്നടിച്ചു: മധ്യപ്രദേശ് നേതാവിനെ പുറത്താക്കി ബിജെപി

മതത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയും ഉപദ്രവിക്കുകയുമാണ് ബ്രാഹ്മണര്‍ ചെയ്യുന്നതെന്ന് പ്രീതം സിങ് ലോധി കുറ്റപ്പെടുത്തി.

Update: 2022-08-20 16:29 GMT

ഭോപ്പാല്‍: ബ്രാഹ്മണരെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയ മധ്യപ്രദേശ് നേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി ബിജെപി. പ്രീതം സിങ് ലോധി എന്ന ഗ്വാളിയര്‍ചമ്പല്‍ മേഖലയിലെ നേതാവിനെയാണ് ബിജെപി പുറത്താക്കിയത്. ശനിയാഴ്ച രാവിലെ ഭോപ്പാലിലെ ബിജെപി ആസ്ഥാനത്ത് വിളിച്ചു വരുത്തി പ്രീതം സിങ് ലോധിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കുകയായിരുന്നു.

വീരവനിതയായി കൊണ്ടാടപ്പെടുന്ന റാണി അവന്തി ബായിയുടെ ജന്മവാര്‍ഷികത്തിന് മികച്ച വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ബ്രാഹമണര്‍ക്കെതിരേ പ്രീതം സിങ് ആഞ്ഞടിച്ചത്. മതത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയും ഉപദ്രവിക്കുകയുമാണ് ബ്രാഹ്മണര്‍ ചെയ്യുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.

'ജനങ്ങളുടെ പണവും വിഭവങ്ങളും ഉപയോഗപ്പെടുത്തിയാണ് ബ്രാഹ്മണര്‍ അഭിവൃദ്ധി നേടുന്നത്. നല്ല കുടുംബങ്ങളില്‍ നിന്നുള്ള സുന്ദരികളായ സ്ത്രീകളെ കണ്ടാല്‍ പിന്നെ ബ്രാഹമണര്‍ക്ക് അവരുടെ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നും ചെറുപ്പക്കാരികളെ മുന്‍നിരയിലിരുത്താനും പ്രായമേറിയ സ്ത്രീകളെ പിന്നിലിരുത്താനുമാണ് ബ്രാഹ്മണര്‍ക്ക് താത്പര്യമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പ്രീതം സിങ്ങിന്റെ പ്രസംഗത്തിന്റെ വിവാദപരമായ ഭാഗങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ബ്രാഹ്മണവിഭാഗത്തിന്റെ പിന്തുണ നേടാന്‍ ശ്രമിക്കുന്ന ബിജെപിയ്ക്ക് പ്രീതം സിങ്ങിന്റെ പ്രസ്താവന വലിയ പ്രഹരമായി.

പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായാണ് ഒരു പ്രത്യേക സമുദായത്തിനെതിരേ പ്രീതം സിങ് പരാമര്‍ശം നടത്തിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബഗവന്‍ദാസ് സബ്‌നാനി പ്രസ്താവിച്ചു.

പാര്‍ട്ടിയ്ക്ക് പ്രീതം സിങ്ങിന്റെ പരാമര്‍ശങ്ങള്‍ ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും സബ്‌നാനി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പ്രീതം സിങ്ങിന് നോട്ടീസ് നല്‍കിയതായും പ്രീതം മാപ്പെഴുതി നല്‍കിയതായും ആറ് കൊല്ലത്തേക്ക് പ്രീതമിന്റെ പ്രാഥമികാംഗത്വം റദ്ദാക്കിയതായും സബ്‌നാനി അറിയിച്ചു.ജനങ്ങള്‍ക്കിടയില്‍ ശത്രുത പരത്താന്‍ ശ്രമിച്ചുവെന്ന കുറ്റം ആരോപിച്ച് ബിജെപി യുവജനവിഭാഗത്തിന്റെ നേതാവ് പ്രവീണ്‍ മിശ്ര വിവാദപരാമര്‍ശം ചൂണ്ടിക്കാട്ടി പ്രീതത്തിനെതിരെ പോലീസില്‍ പരാതി നല്‍കി. 62 കാരനായ പ്രീതം സിങ്ങിനെതിരെ നാല് വധശ്രമവും രണ്ട് കൊലപാതകവും ഉള്‍പ്പെടെ 37 കേസുകളുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ ഭാരതിയുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് പ്രീതം സിങ്. ബിജെപി ടിക്കറ്റില്‍ കഴിഞ്ഞ രണ്ട് നിയമസഭാതിരഞ്ഞെടുപ്പില്‍ ഇദ്ദേഹം മത്സരിച്ചിരുന്നു. 2018 ല്‍ 2,500 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എ കെ.പി. സിങ്ങിനെതിരെ പ്രീതം സിങ് പരാജയപ്പെട്ടത്.


Tags:    

Similar News