കുതിരയുടെ ശരീരത്തില്‍ പാര്‍ട്ടി പതാകയുടെ പെയിന്റടിച്ച് ബിജെപി; പോലിസില്‍ പരാതിയുമായി മനേകാ ഗാന്ധിയുടെ എന്‍ജിഒ

ഓറഞ്ചിലും പച്ചയിലും നിറമുള്ള പാര്‍ട്ടി പതാകയ്‌ക്കൊപ്പം ചിഹ്‌നമായ താമരയും ബിജെപിയുടെ പേരും കുതിരയുടെ മേല്‍ ചിത്രീകരിച്ചിട്ടുണ്ട്. കഴുത്തില്‍ ബിജെപി എന്ന് പ്രിന്റ് ചെയ്ത സ്‌കാര്‍ഫും കെട്ടിയിട്ടുണ്ട്.

Update: 2021-08-20 12:06 GMT

ഇന്‍ഡോര്‍: ഭരണകക്ഷിയായ ബിജെപിയുടെ ജന്‍ ആശിര്‍വാദ യാത്രയില്‍ കുതിരയുടെ ശരീരത്തില്‍ പാര്‍ട്ടി പതാകയുടെ പെയിന്റടിച്ചത് വിവാദമായി. പാര്‍ട്ടിയുടെ നടപടിക്കെതിരേ ബിജെപി എംപി മനേകാ ഗാന്ധിയുടെ എന്‍ജിഒ സംഘടനയായ പീപ്പിള്‍ ഫോര്‍ അനിമല്‍സ് (പിഎഫ്എ) ഇന്‍ഡോര്‍ പോലിസില്‍ പരാതി നല്‍കി. മുന്‍ മുനിസിപ്പല്‍ കോര്‍പറേറ്റര്‍ രാംദാസ് ഗാര്‍ഗാണ് വ്യാഴാഴ്ച ഇന്‍ഡോര്‍ നഗരത്തില്‍ നടന്ന യാത്രയ്ക്ക് മുന്നോടിയായി കുതിരയെ വാടകയ്‌ക്കെടുത്ത് ബിജെപി പതാകയുടെ പെയിന്റടിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960നിയമപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഓറഞ്ചിലും പച്ചയിലും നിറമുള്ള പാര്‍ട്ടി പതാകയ്‌ക്കൊപ്പം ചിഹ്‌നമായ താമരയും ബിജെപിയുടെ പേരും കുതിരയുടെ മേല്‍ ചിത്രീകരിച്ചിട്ടുണ്ട്. കഴുത്തില്‍ ബിജെപി എന്ന് പ്രിന്റ് ചെയ്ത സ്‌കാര്‍ഫും കെട്ടിയിട്ടുണ്ട്. പുതിയ കേന്ദ്രമന്ത്രിമാരെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനെന്ന പേരിലാണ് ബിജെപി ജന്‍ ആശീര്‍വാദ യാത്ര സംഘടിപ്പിക്കുന്നത്. 22 സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നുപോവുന്നത്.

സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പായുള്ള ഒരു പ്രചാരണ പരിപാടിയായി ബിജെപി ജന്‍ ആശിര്‍വാദ യാത്രയെ മാറ്റിയിട്ടുണ്ട്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ് ഇന്‍ഡോറിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര നടത്തിയത്. കുതിരയെ ഇത്തരത്തില്‍ യാത്രയില്‍ പങ്കെടുപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ട പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന എന്‍ജിഒയുടെ പ്രാദേശിക പ്രതിനിധികള്‍ ഇന്‍ഡോറിലെ സംയോഗിതഗഞ്ച് പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Tags:    

Similar News