യുപി നിയമസഭാ തിരഞ്ഞെടുപ്പ്: മൃദു ഹിന്ദുത്വവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍; മുസ്‌ലിം വോട്ട് തട്ടാന്‍ തന്ത്രങ്ങളൊരുക്കി ബിജെപി

ഒരു ഭാഗത്ത് ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിച്ചും മറുഭാഗത്ത് മുസ്‌ലിംകളെ പാട്ടിലാക്കിയും വീണ്ടും അധികാരത്തിലേറാമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാനത്ത് ബിജെപി.

Update: 2021-10-13 18:12 GMT

സ്വന്തം പ്രതിനിധി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി ഇതര പാര്‍ട്ടികള്‍ മൃദു ഹിന്ദുത്വ നീക്കങ്ങളുമായി കളംനിറയുമ്പോള്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മുസ്‌ലിം ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമം നടത്തിവരികയാണ് ബിജെപി.

ഒരു ഭാഗത്ത് ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിച്ചും മറുഭാഗത്ത് മുസ്‌ലിംകളെ പാട്ടിലാക്കിയും വീണ്ടും അധികാരത്തിലേറാമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാനത്ത് ബിജെപി. ഇതിനായി ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള ബൂത്തുകളില്‍നിന്ന് പാര്‍ട്ടിക്ക് പിന്തുണ ഉറപ്പാക്കാനുള്ള നടപടികള്‍ കൈകൊള്ളാന്‍ ബിജെപി തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ബൂത്ത് തലം വരെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇതിനായി പ്രത്യേക ക്വാട്ട തന്നെ നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്.

ഒരു കണക്കനുസരിച്ച്, 1.63 ലക്ഷത്തിലധികം ബൂത്തുകളില്‍, ഏകദേശം 50,000ത്തോളം ബൂത്തുകളില്‍ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമാണ്. ഈ ബൂത്തുകളുടെ പ്രസിഡന്റുമാരോടും മുതിര്‍ന്ന ബിജെപി ന്യൂനപക്ഷ സെല്‍ അംഗങ്ങളോടും ബിജെപി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിന് അതത് ബൂത്തുകളില്‍ നിന്ന് കുറഞ്ഞത് 100 വോട്ടര്‍മാരെ എങ്കിലും കൂടെ നിര്‍ത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഫലംതന്നെ മാറ്റി മറിക്കാന്‍ മുസ്‌ലിം ന്യൂനപക്ഷ വോട്ടുകള്‍ക്കാവും എന്നു തിരിച്ചറിഞ്ഞാണ് ബിജെപി മുസ്‌ലിം വോട്ടുകള്‍ പെട്ടിയിലാക്കാന്‍ കൃത്യമായ കരുക്കങ്ങള്‍ നീക്കുന്നത്.

യുപി ബിജെപി സംഘടനയുടെ സെക്രട്ടറി സുനില്‍ ബന്‍സാലാണ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളതെന്ന് പാര്‍ട്ടിയുമയായി ബന്ധപ്പെട്ട് വൃത്തങ്ങള്‍ അറിയിച്ചു.

ഓരോ ബൂത്തില്‍ നിന്നും കുറഞ്ഞത് 100 ന്യൂനപക്ഷ വോട്ടുകള്‍ നേടാനുള്ള ലക്ഷ്യം ഇത്തവണ നിശ്ചയിച്ചിട്ടുണ്ടെന്ന് യുപി ബിജെപി ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് ബാസിത് അലി പറഞ്ഞു.

സൗജന്യ റേഷന്‍, എല്ലാവര്‍ക്കും വീട് തുടങ്ങിയ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളില്‍ ഏതാണ്ട് 30 ശതമാനവും ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരാണെന്നും വിവിധ പ്രോഗ്രാമുകളിലൂടെ ഈ ഗുണഭോക്താക്കളില്‍ നിന്നുള്ള പിന്തുണ നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും ബാസിത് അലി പറഞ്ഞു.

മുസ്‌ലിംകളിലേയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളിലേയും ബുദ്ധിജീവികളെ ആകര്‍ഷിക്കുന്നതിനായി പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്ക് അടിത്തട്ടില്‍ ന്യൂനപക്ഷ ഘടകങ്ങളുണ്ട്. ഇതിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

ന്യൂനപക്ഷ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ യുവാക്കളെയും സ്ത്രീകളെയും കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരും സംസ്ഥാനത്തെ യോഗി ആദിത്യനാഥ് സര്‍ക്കാരും ആരംഭിച്ച പദ്ധതികളുടെ ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ സഹായിക്കുമെന്നും ബാസിത് അലി അവകാശപ്പെട്ടു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ട് വിഭജനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്.

ബിജെപി ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍ മൃദുഹിന്ദുത്വ നീക്കങ്ങളുമായി മുന്നോട്ട് പോവുമ്പോഴാണ് സംസ്ഥാനത്ത് നിര്‍ണായക സ്വാധീനമുള്ള ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താന്‍ ബിജെപി പദ്ധതി തയ്യാറാക്കയിരിക്കുന്നത്.

Tags:    

Similar News