ഹിജാബ് നിരോധനത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ട്വീറ്റ് ചെയ്ത് ബിജെപി

Update: 2022-02-15 15:47 GMT

മംഗളൂരു: ഹിജാബ് നിരോധനത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ ട്വീറ്റ് ചെയ്ത് ബിജെപി. കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാന്‍ സോണിയക്കും രാഹുലിനും പ്രിയങ്കക്കും കുറ്റബോധമില്ലെ എന്ന് വിമര്‍ശിച്ചു കൊണ്ടുള്ള ട്വീറ്റിലാണ് ബിജെബി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ബിജെപിയുടെ ട്വീറ്റ് നിയമ വിരുദ്ധമാണ്. പ്രായപൂര്‍ത്തിയാകാത്തവരുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍) ആക്ട്, 2015 ലെ സെക്ഷന്‍ 74 (1) പ്രകാരം നിരോധിച്ചിരിക്കുന്നു.

കര്‍ണാടക ഹൈക്കോടതിയില്‍ പെണ്‍കുട്ടികള്‍ നല്‍കിയ ഹര്‍ജിയുടെ ഉള്ളടക്കവും അവരുടെ പേരും വിലാസവും മാതാപിതാക്കളുടെ പേരും ഉള്‍പ്പെടെയുള്ള വിവരങ്ങളും ട്വീറ്റില്‍ അടങ്ങിയിട്ടുണ്ട്. വിചാരണ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടക്കാല ഹര്‍ജി നല്‍കിയ വിദ്യാര്‍ത്ഥികളില്‍ നാല് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീലും രേഖ ട്വീറ്റ് ചെയ്തു.

Tags:    

Similar News