'മോദിക്കെതിരായ വിമര്‍ശനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല'; ജിഗ്‌നേഷ് മേവാനിക്കെതിരായ പരാതിയുടെ കാരണം വെളിപ്പെടുത്തി ബിജെപി നേതാവ്
ന്യൂഡല്‍ഹി: മോദിജിയെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്നതും ഗൂഢാലോചന നടത്തുന്നതുമായ പോസ്റ്റുകളും ട്വീറ്റുകളും ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് ദലിത് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിക്കെതിരെ പരാതി നല്‍കിയ ബിജെപി നേതാവ് അരൂപ് കുമാര്‍ ഡേ. മേവാനിക്കെതിരെ പരാതി നല്‍കിയത് ഒരു സന്ദേശം നല്‍കാനാണെന്ന് അരൂപ് കുമാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള 'നെഗറ്റീവ്' പോസ്റ്റുകള്‍ ബിജെപി പ്രവര്‍ത്തകരെ വേദനിപ്പിക്കുന്നു. അദ്ദേഹത്തെ കുറിച്ച് ട്വീറ്റ് ചെയ്യുമ്പോള്‍ ആളുകള്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മിപ്പിക്കാനാണ് പരാതി നല്‍കിയതെന്ന് അരൂപ് കുമാര്‍ എന്‍ഡിടിവിയോട് പ്രതികരിച്ചു.
മേവാനിയുടെ ട്വീറ്റുകള്‍ താന്‍ വളരെക്കാലമായി പിന്തുടരുന്നുണ്ടെന്ന് അരൂപ് കുമാര്‍ പറഞ്ഞു 'ജിഗ്‌നേഷ് മേവാനി പോസ്റ്റുകളിലൂടെ ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രി മോദിയെക്കുറിച്ച് എപ്പോഴും നിഷേധാത്മകമായി സംസാരിക്കുന്നു. മോദിജിയെ പ്രധാനമന്ത്രിയായി ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്. അദ്ദേഹത്തിന്റെ പേര് സമീപകാല അക്രമങ്ങളുമായി ബന്ധിപ്പിക്കാന്‍ മേവാനി ശ്രമിക്കുന്നു. പ്രധാനമന്ത്രിയാണോ അക്രമങ്ങള്‍ക്ക് ഉത്തരവാദി? പ്രധാനമന്ത്രിയുടെ ദൈവം ഗോഡ്‌സെയാണെന്ന് മേവാനി പറയുന്നു. എന്ത് തെളിവാണുള്ളത്? ഞങ്ങള്‍ ബിജെപി പ്രവര്‍ത്തകരാണ്. മോദിജിയെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്നതും ഗൂഢാലോചന നടത്തുന്നതുമായ പോസ്റ്റുകളും ട്വീറ്റുകളും ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല'.
മേവാനിക്കെതിരായ പരാതിയിലൂടെ ഒരു സന്ദേശം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് ബിജെപി നേതാവ് പറഞ്ഞു 'ഈ പരാതിയിലൂടെ, പ്രധാനമന്ത്രി മോദിയെക്കുറിച്ച് ട്വീറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മറ്റുള്ളവര്‍ക്ക്, പ്രത്യേകിച്ച് ജനപ്രതിനിധികള്‍ക്ക് സന്ദേശം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഒരു പ്രത്യേക സമുദായത്തെ പ്രകോപിപ്പിക്കാന്‍ മേവാനി ശ്രമിച്ചതിനാല്‍ ശക്തമായ വകുപ്പുകള്‍ ചുമത്തി. തന്റെ പരാതിക്ക് വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ലെന്ന് അരൂപ് കുമാര്‍ അവകാശപ്പെട്ടു.
'ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദത്തിനും അഭ്യര്‍ഥിക്കണം' എന്ന ട്വീറ്റിന്റെ പേരിലാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് മേവാനിയെ അസമിലെ കൊക്രജാറിലെത്തിച്ചു. കോടതി മേവാനിയെ മൂന്ന് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. ക്രിമിനല്‍ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തല്‍, സമാധാന ലംഘനത്തിന് കാരണമായേക്കാവുന്ന പ്രകോപനം എന്നീ കുറ്റങ്ങളാണ് മേവാനിക്കെതിരെ ചുമത്തിയത്.