''ബിജെപിക്ക് ദുര്‍ഗന്ധം ഇഷ്ടമായതിനാല്‍ പശുത്തൊഴുത്തുകള്‍ പണിയുന്നു'': സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്

Update: 2025-03-27 14:08 GMT
ബിജെപിക്ക് ദുര്‍ഗന്ധം ഇഷ്ടമായതിനാല്‍ പശുത്തൊഴുത്തുകള്‍ പണിയുന്നു: സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്

ലഖ്‌നോ: ബിജെപിക്ക് ദുര്‍ഗന്ധം ഇഷ്ടമായതിനാലാണ് പശുത്തൊഴുത്തുകള്‍ പണിയുന്നതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സമാജ് വാദി പാര്‍ട്ടി ഉത്തര്‍പ്രദേശ് ഭരിക്കുമ്പോള്‍ പെര്‍ഫ്യൂം പാര്‍ക്കുകളാണ് നിര്‍മിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ പശുത്തൊഴുത്തുകളാണ് നിര്‍മിക്കുന്നതെന്നും കന്നൗജില്‍ അദ്ദേഹം പറഞ്ഞു.

'''കന്നൗജ് എപ്പോഴും സാഹോദര്യത്തിന്റെ സുഗന്ധം പരത്തിയിട്ടുണ്ട്, പക്ഷേ, ഇവിടെ ബിജെപി വെറുപ്പിന്റെ ദുര്‍ഗന്ധം പരത്തുന്നു. കന്നൗജിലെ ജനങ്ങളോട് ബിജെപിയുടെ ദുര്‍ഗന്ധം പൂര്‍ണ്ണമായും നീക്കം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ബിജെപിയുടെ ദുര്‍ഗന്ധം ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. കന്നൗജിന്റെ വികസന മുരടിപ്പ് പരിഹരിക്കാന്‍ ഈ ദുര്‍ഗന്ധം പൂര്‍ണ്ണമായും നീക്കം ചെയ്യണം.''- അഖിലേഷ് യാദവ് പറഞ്ഞു.

അഖിലേഷ് യാദവിന്റെ പ്രസ്താവനക്കെതിരെ ഉത്തര്‍പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രംഗത്തെത്തി. ചാണകത്തിന്റെ മണം മോശമാണെന്ന് ഒരു കര്‍ഷകന്റെ മകന് തോന്നുകയാണെങ്കില്‍ അയാള്‍ക്ക് സമൂഹത്തിന്റെ വേരുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നാണ് അര്‍ത്ഥമെന്ന് കേശവ് പ്രസാദ് കുറ്റപ്പെടുത്തി.സമാജ് വാദി പാര്‍ട്ടി ഇപ്പോള്‍ സമ്പത്ത് വാദി പാര്‍ട്ടിയായി മാറിയെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ പൂനെവാല പറഞ്ഞു.

Similar News