ഉപതിരഞ്ഞെടുപ്പില്‍ നിലംതൊടാതെ ബിജെപി; അഞ്ചിടത്തും പച്ചതൊട്ടില്ല, ബംഗാളില്‍ തൃണമൂല്‍ തേരോട്ടം
പശ്ചിമ ബംഗാളിലെ രണ്ടു മണ്ഡലങ്ങളിലും ബിജെപിക്ക് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു.
കൊല്‍ക്കത്ത: ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിലും നിലം തൊടാതെ ബിജെപി.രണ്ട് ലോക്‌സഭ സീറ്റുകളിലും മൂന്ന് നിയമസഭ സീറ്റുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പശ്ചിമ ബംഗാളിലെ രണ്ടു മണ്ഡലങ്ങളിലും ബിജെപിക്ക് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. അസന്‍സോള്‍ ലോക്‌സഭ സീറ്റില്‍ 2.3 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടിഎംസിയുടെ ശത്രുഘ്‌നന്‍ സിന്‍ഹ വിജയിച്ചത്. ബാലിഗഞ്ചില്‍ ടിഎംസി സ്ഥാനാര്‍ത്ഥി ബാബുല്‍ സുപ്രിയോ വിജയം ഉറപ്പിച്ചു. മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ 5,45,818 വോട്ടുകളാണ് നേടിയിട്ടുള്ളത്. ബിജെപിയുടെ അഗ്‌നിമിത്ര പോള്‍ 3,15,283 വോട്ട് നേടി. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച മണ്ഡലമായിരുന്നു അസന്‍സോള്‍.
ബിജെപി വിട്ട് തൃണമൂലിലെത്തിയ ബാബുല്‍ സുപ്രിയോ, ബാലിഗഞ്ചില്‍ 40,623വോട്ടിന് മുന്നിലാണ്. ഇവിടെ സിപിഎം ആണ് രണ്ടാം സ്ഥാനത്ത്. ഇടത് സ്ഥാനാര്‍ത്ഥി സൈറ ഷാ ഹാലിും 28,515 വോട്ട് നേടിയിട്ടുണ്ട്. ബിജെപിയുടെ കെയ ഘോഷ് മൂന്നാം സ്ഥാനത്തും കോണ്‍ഗ്രസ് നാലാം സ്ഥാനത്തുമാണ്. നിയമസഭ തെരഞ്ഞെടുപ്പിലുള്‍പ്പെടെ തകര്‍ന്നടിഞ്ഞ സിപിഎമ്മിന് ആശ്വാസമാണ് ഈ രണ്ടാം സ്ഥാനം.
ബിഹാറില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ബൊച്ചനില്‍ ആര്‍ജെഡി വിജയിച്ചു. ഛത്തീസ്ഗഡിലെ കൈരഘറില്‍ കോണ്‍ഗ്രസാണ് മുന്നില്‍. 20,000 വോട്ടിനാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലഡ് ചെയ്യുന്നത്.
മഹാരാഷ്ട്രയിലെ നോര്‍ത്ത് കോല്‍ഹാപൂര്‍ നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ജാദവ് ജയ്ശ്രീ ചന്ദ്രകാന്ത് 71,000 വോട്ട് നേടി മുന്നിലാണ്. ബിജെപിയുടെ സത്യജീത് കദം 57,000 വോട്ട് നേടി. ഇവിടെ നോട്ടയ്ക്ക് 1300 വോട്ട് കിട്ടിയുണ്ട്.