കൊറോണ ചികില്‍സയ്ക്ക് ഗോമൂത്രം; ഹോംഗാര്‍ഡ് രോഗബാധിതനായി, ബിജെപി നേതാവ് അറസ്റ്റില്‍

വടക്കന്‍ കൊല്‍ക്കത്തയിലെ ജൊരസാഖോ മേഖലയിലെ ബിജെപി നേതാവ് നാരായണ്‍ ചാറ്റര്‍ജിയെയാണ് ഹോംഗാര്‍ഡിന്റെ പരാതിയില്‍ പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2020-03-18 13:54 GMT

കൊല്‍ക്കത്ത: കൊവിഡ് 19 വൈറസ് ബാധയില്‍നിന്നു തടയുമെന്ന് അവകാശപ്പെട്ട് ഗോമൂത്ര വിരുന്ന് നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ഗോമൂത്രം കുടിച്ച് ഹോംഗാര്‍ഡ് അസുഖ ബാധിതനായതിനെ തുടര്‍ന്നാണ് ഇയാളുടെ അറസ്റ്റ്. വടക്കന്‍ കൊല്‍ക്കത്തയിലെ ജൊരസാഖോ മേഖലയിലെ ബിജെപി നേതാവ് നാരായണ്‍ ചാറ്റര്‍ജിയെയാണ് ഹോംഗാര്‍ഡിന്റെ പരാതിയില്‍ പോലിസ് അറസ്റ്റ് ചെയ്തത്.കൊറോണ വൈറസില്‍നിന്നു സമ്പൂര്‍ണ സംരക്ഷണം ലഭിക്കുമെന്ന് അവകാശപ്പെട്ട് തിങ്കളാഴ്ച ഇയാള്‍ ഗോമൂത്രം വിതരണം ചെയ്തിരുന്നു. യൂനിഫോം ധാരിയായ ഹോംഗാര്‍ഡിനും ഗോമൂത്രം നല്‍കുകയും കുടിപ്പിക്കുകയുമായിരുന്നു.

ചൊവ്വാഴ്ച രാവിലെ ഹോം ഗാര്‍ഡ് ഉദ്യോസ്ഥനായ പിന്തു പ്രമാണിക് ജോറബാഗന്‍ പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. അമൃതാണെന്ന് പറഞ്ഞ് ഗോമൂത്രം നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, ചാറ്റര്‍ജി തങ്ങളുടെ പാര്‍ട്ടിയുടെ നേതാവാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സയന്തന്‍ ബസു സമ്മതിച്ചെങ്കിലും ഈ പരിപാടിയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി.

എന്നാല്‍ താനൊരു കുറ്റവും ചെയ്തിട്ടില്ലെന്നും മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനു മുമ്പ് താന്‍ സ്വയം അത് കുടിച്ചതായും കൊറോണ വൈറസില്‍നിന്ന് ഇത് സംരക്ഷിക്കുമെന്ന് തനിക്കറിയാമെന്നും അറസ്റ്റിലാകുന്നതിന് മുമ്പ് ചാറ്റര്‍ജി പറഞ്ഞു.

Tags:    

Similar News