പ്രവാചകനിന്ദ; തെലങ്കാനയില്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295, 505, 153 എ വകുപ്പുകള്‍ പ്രകാരമാണ് എംഎല്‍എയ്‌ക്കെതിരെ പോലിസ് കേസ് എടുത്തത്.
ഹൈദരബാദ്: മുഹമ്മദ് നബിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ അറസ്റ്റില്‍. തെലങ്കാനയിലെ ഗോഷാമഹല്‍ എംഎല്‍എ ടി രാജാസിങ്ങിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പരാമര്‍ശത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഹൈദരാബാദിലെ ഓള്‍ഡ് സിറ്റി പ്രദേശത്ത് ചെറിയ സംഘര്‍ഷങ്ങള്‍ ഉണ്ടായതായാണ് റിപോര്‍ട്ടുകള്‍. ഹൈദരാബാദ് കമ്മീഷണര്‍ ഓഫിസിലേക്ക് പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. സിങ്ങ് സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച നിരവധി പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.
ആഗസ്ത് 20 ന് ഹൈദരാബാദില്‍ നടത്തിയ ഒരു പരിപാടിയുടെ പേരില്‍ ഹാസ്യനടന്‍ മുനവര്‍ ഫാറൂഖിയെ ആക്ഷേപിച്ച് രാജാ സിങ്ങ് രംഗത്തെത്തിയിരുന്നു. അതിനിടെയായിരുന്നു എംഎല്‍എയുടെ പ്രവാചക നിന്ദാ പരാമര്‍ശം ഉണ്ടായത്. ഫാറൂഖി ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച സിങ്ങ് പരിപാടി തടസ്സപ്പെടുത്തുമെന്നും വേദിയുടെ സെറ്റ് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് പരിപാടിക്ക് മുമ്പ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295, 505, 153 എ വകുപ്പുകള്‍ പ്രകാരമാണ് എംഎല്‍എയ്‌ക്കെതിരെ പോലിസ് കേസ് എടുത്തത്. നേരത്തെ മുന്‍ ബിജെപി വക്താവ് നൂപൂര്‍ ശര്‍മയുടെ പ്രവാചകനിന്ദ പരാമര്‍ശവും ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് നൂപൂര്‍ ശര്‍മ്മയെ ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.