'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്‍...'; ബിഎസ് പി എംപിക്കെതിരേ വിഷം തുപ്പി ബിജെപി എംപി

Update: 2023-09-22 10:29 GMT

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ബിഎസ്പി എംഎല്‍എയെ വര്‍ഗീയമായി അധിക്ഷേപിച്ച് ബിജെപി എംപി. സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി രമേഷ് ബിധുരിയാണ് ബഹുജന്‍ സമാജ് പാര്‍ട്ടി എംഎല്‍എയായ ഡാനിഷ് അലിയെ മുസ് ലിം ഭീകരവാദിയെന്നും തീവ്രവാദിയെന്നും വിളിച്ച് അധിക്ഷേപിച്ചത്. വ്യാഴാഴ്ച ലോക്‌സഭയില്‍ ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് സംഭവം. ഭര്‍വ അഥവാ കൂട്ടിക്കൊടുക്കുന്നവന്‍, കത്വ അഥവാ സുന്നത്ത് ചെയ്തവന്‍, മുല്ലാ ആതങ്ക് വാദി അഥവാ മുസ് ലിം ഭീകരന്‍ തുടങ്ങി അത്യന്തം പ്രകോപനപരവും മതവിദ്വേഷം ഉയര്‍ത്തുന്നതുമായ അധിക്ഷേപങ്ങളാണ് നടത്തിയത്.   

Full View

    ഉത്തര്‍പ്രദേശിലെ അംരോഹ മണ്ഡലത്തില്‍ നിന്നുള്ള ബിഎസ് പി എംഎല്‍എയായ ഡാനിഷ് അലിയെയാണ് ബിജെപി നേതാവും എംപിയുമായ രമേഷ് ബിധുരി മ്ലേച്ഛമായ രീതിയില്‍ അധിക്ഷേപിച്ചത്. ബിധുരി ലോക്‌സഭയില്‍ സംസാരിക്കുന്നതിനിടെ, പ്രതിപക്ഷത്തു നിന്ന് ഏതാനും എംപിമാര്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ്. ബിഎസ് പി എംപിയായ ഡാനിഷ് അലിയെ, ഏയ് ഭീകരവാദി, യേ ആതങ്കവാദി, മുല്ലാ അദങ്കവാദി, 'ഭര്‍വ' 'കത്വ' തുടങ്ങിയ രീതിയില്‍ അസഭ്യവര്‍ഷം നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയ്ത്ര ഉള്‍പ്പെടെയുള്ളവര്‍ ബിജെപി എംപിയുടെ അസഭ്യവര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ചര്‍ച്ചയ്ക്കിടെ ഇടയ്ക്കിടെ ഡാനിഷ് അലിയെ പ്രകോപിപ്പിക്കാന്‍ ബിജെപി എംപി ശ്രമിക്കുന്നുണ്ട്. മതപരമായ അധിക്ഷേപമാണ് ഇതിന് ഉപയോഗിക്കുന്നത്. ഇയാള്‍ തീവ്രവാദിയാണ്, ഈ മുല്ലയെ നാടുകടത്തണം തുടങ്ങിയ വാക്കുകളും പറയുന്നുണ്ട്. രമേശ് ബിധൂരിയുടെ അധിക്ഷേപം കേട്ട് മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഉള്‍പ്പെടെയുള്ള ഭരണകക്ഷി എംപിമാര്‍ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചെയറിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് ബിധുരിയോട് ഇരിക്കാന്‍ പറയുന്നുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെ അധിക്ഷേപം തുടരന്നതും ദൃശ്യത്തിലുണ്ട്. സംഭവം അപകീര്‍ത്തികരവും നാണക്കേടുണ്ടാക്കുന്നതുമാണെന്നും ലോകസഭ സ്പീക്കര്‍ നടപടി സ്വീകരിക്കുമോ എന്നും ശിവസനേ ഉദ്ദവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്കാ ചതുര്‍വേദി ചോദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിപക്ഷ എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബിജെപി എംപിക്കെതിരെ രംഗത്തെത്തി. ഇതകോടെ, ബിധുരിയുടെ പരാമര്‍ശത്തില്‍ പ്രതിരോധമന്ത്രിയും ലോക്‌സഭാ ഉപനേതാവുമായ രാജ്‌നാഥ് സിങ് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.

   

പരാമര്‍ശങ്ങള്‍ താന്‍ കേട്ടിട്ടില്ലെന്നും പ്രതിപക്ഷ അംഗങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവ സഭാനടപടികളില്‍ നിന്ന് നീക്കം ചെയ്യണമെന്നും സിങ് പറഞ്ഞു. പരാമര്‍ശങ്ങള്‍ നീക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംഭവസമയം ചെയറിലുണ്ടായിരുന്ന കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് സുപ്രിംകോടതി നിരവധി തവണ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുമ്പോഴാണ് രാജ്യത്തിന്റെ പാര്‍ലിമെന്റില്‍ത്തന്നെ തിരഞ്ഞെടുക്കപ്പെട്ട ഒരു മുസ് ലിം എംപിക്കെതിരേ അത്യന്തം അധിക്ഷേപകരമായ പരാമര്‍ശങ്ങളുമായി ബിജെപി എംപി രംഗത്തെത്തിയിരിക്കുന്നത്.

Tags:    

Similar News