കൊല്ലപ്പെട്ട 700 ഓളം കര്‍ഷകര്‍ക്ക് ഒരു കോടി വീതം നഷ്ടപരിഹാരം നല്‍കണം: ബിജെപി എംപി വരുണ്‍ ഗാന്ധി

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില നിശ്ചയിക്കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു

Update: 2021-11-20 07:38 GMT

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ കൊല്ലപ്പെട്ട 700 കര്‍ഷകര്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബിജെപി എംപി വരുണ്‍ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു. വരുണ്‍ ഗാന്ധി തന്റെ ട്വീറ്റര്‍ ഹാന്റിലിലാണ് പ്രധാനമന്ത്രിക്കുള്ള കത്ത് പോസ്റ്റ് ചെയ്തത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലും പരിസരത്തും നടന്ന സമരത്തിനിടെയാണ് കര്‍ഷകര്‍ മരണപ്പെട്ടത്. ഒരുവര്‍ഷമായി സമരം തുടരുകയാണ്. ഇതിനിടെ വിവാദ കാര്‍ഷിക ബില്ല് പിന്വലിക്കുകയാണെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.


ഇതിനു തൊട്ടു പിന്നാലെ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തൊട്ടു പിന്നാലെയാണ് വരുണ്‍ ഗാന്ധി ഈതേ ആവശ്യവുമായി പ്രധാന മന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില നിശ്ചയിക്കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ 85 ശതമാനം ആളുകളും ചെറുകിട കര്‍ഷകരാണ്. ഇവരെ ശാക്തീകരിക്കാന്‍ താങ്ങുവില നിര്‍ണ്ണയിച്ചേമതിയാകൂ വരുണ്‍ ഗാന്ധി കത്തില്‍ കുറിച്ചു. ബിജെപിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകള്‍ ഈയിടെ വരുണ്‍ ഗാന്ധിയുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്.

Tags:    

Similar News