യുപിയില്‍ ബിജെപി എംപിയുടെ മകന് വെടിയേറ്റ സംഭവം; ചിലരെ പ്രതിയാക്കാന്‍ അളിയന്‍ ചെയ്തതെന്ന് പോലിസ്
ലഖ്‌നൗ: ബിജെപി എംപി കൗശല്‍ കിഷോറിന്റെ മകനു ബുധനാഴ്ച പുലര്‍ച്ചെ ലഖ്‌നൗവില്‍ വെടിയേറ്റ സംഭവത്തില്‍ വഴിത്തിരിവ്. ചില വ്യക്തികളെ വ്യാജമായി പ്രതി ചേര്‍ക്കാന്‍ വേണ്ടി അളിയന്‍ തന്നെയാണ് വെടിയുതിര്‍ത്തതെന്നു പോലിസ് പറഞ്ഞു. മോഹന്‍ലാല്‍ഗഞ്ച് നിയോജകമണ്ഡലത്തിലെ ബിജെപി എംപി കൗശല്‍ കിഷോറിന്റെ മകന്‍ ആയുഷി(30)നാണ് പുലര്‍ച്ചെ രണ്ടോടെ മദിയാവ് പ്രദേശത്ത് നിന്ന് വെടിയേറ്റത്. പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഇയാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍, സംഭവത്തില്‍ ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ആയുഷിന്റെ അളിയന്‍ തന്നെയാണ് വെടിയുതിര്‍ത്തതെന്നാണ് സൂചനയെന്നു ലഖ്‌നൗ പോലിസ് കമ്മീഷണര്‍ ഡി കെ താക്കൂര്‍ പിടിഐയോട് പറഞ്ഞു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമോയെന്ന ചോദ്യത്തിന് ആരും പരാതി നല്‍കിയിട്ടില്ലെന്നും ആയുധം ഉപയോഗിച്ചെന്നു കണ്ടെത്തിയതിനാല്‍ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം നടന്നതെന്ന് മദിയാവ് പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ്എച്ച്ഒ) മനോജ് കുമാര്‍ സിങ് പറഞ്ഞു. സംഭവത്തില്‍ ആയുഷിന്റെ അളിയനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താനാണ് വെടിവച്ചതെന്ന് ഇയാള്‍ സമ്മതിച്ചതായും എസ്എച്ച്ഒ പറഞ്ഞു. ചില വ്യക്തികളെ പ്രതിയാക്കാനാണ് താന്‍ ആയുഷിന് നേരെ വെടിയുതിര്‍ത്തതെന്ന് ആദര്‍ശ് സമ്മതിച്ചെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും പോലിസ് പറഞ്ഞു.
മകന്‍ ആശുപത്രിയില്‍ ആരുടെയും പേരും പറഞ്ഞിട്ടില്ലെന്ന് ബിജെപി എംപി കിഷോര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ താന്‍ പുറത്തുപോയതായിരുന്നു. 'ആയുഷും ആദര്‍ശും എന്താണ് പറയുന്നതെന്ന് അവര്‍ക്കറിയാം. അവരോട് ആര്‍ക്കും ശത്രുതയില്ല. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ലെന്നും കൗശല്‍ കിഷോര്‍ എംപി കൂട്ടിച്ചേര്‍ത്തു.
BJP MP's Son 'Staged' Shooting Against Him: UP Police