കേരളത്തില്‍ പ്രകോപനം സൃഷ്ടിക്കുന്ന ആര്‍എസ്എസിനെയാണ് നദ്ദ ഉപദേശിക്കേണ്ടത്: യെച്ചൂരി

പ്രകോപന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആര്‍എസ്എസിനെ ബിജെപി അധ്യക്ഷന്‍ ഉപദേശിക്കണം. അതാകും നല്ലതെന്നും സിപിഎം

Update: 2022-09-27 09:55 GMT

തിരുവനന്തപുരം: കേരളം തീവ്രവാദത്തിന്റെ ഹോട്ട്‌സ്‌പോട്ടാണെന്ന ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ പ്രസ്താവനയ്‌ക്കെതിരേ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകോപനപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് ബിജെപി അധ്യക്ഷന്‍ ആര്‍എസ്എസിനെ ഉപദേശിക്കുന്നതാണ് നല്ലതെന്ന് യെച്ചൂരി പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ സാമുദായിക സൗഹാര്‍ദ്ദത്തിനും സമാധാനത്തിനും വേണ്ടിയുള്ള മാതൃകാപരമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ടവരാണ്, അവര്‍ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

കേരളത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ നിലനില്‍ക്കുന്നുവെന്ന വസ്തുത മൂടിവയ്ക്കാന്‍ സംസ്ഥാനം തീവ്രവാദത്തിന്റെ ഹോട്ട്‌സ്‌പോട്ടാണെന്ന നദ്ദയുടെ വ്യാജ ആരോപണത്തിന് കഴിയില്ല.

സംസ്ഥാനത്ത് സാമുദായിക സൗഹാർദ്ദം തകര്‍ക്കാനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് ആർഎസ്എസ് നടത്തുന്നത്. പ്രകോപന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആര്‍എസ്എസിനെ ബിജെപി അധ്യക്ഷന്‍ ഉപദേശിക്കണം. അതാകും നല്ലതെന്നും സിപിഎം വ്യക്തമാക്കി.

Similar News