ബീജിങ്: സ്ഥിരമായി റീല്‍സ് കാണുന്നത് രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാവുമെന്ന് പഠനത്തില്‍ കണ്ടെത്തി. ചൈനയിലെ 4,318 പേരില്‍ നടത്തിയ പഠനത്തിന്റെ റിപോര്‍ട്ട് ബയോമെഡ് സെന്‍ട്രല്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. റീല്‍സ് കാണുന്നതിന്റെ അളവ് കൂടുന്നതിന് അനുസരിച്ച് രക്തസമ്മര്‍ദ്ദവും കൂടുമെന്ന് പഠനം പറയുന്നു. റീല്‍സ് കാണുന്നത് വിലപ്പെട്ട സമയം നശിപ്പിക്കുമെന്നു മാത്രമാണ് മുമ്പ് വിലയിരുത്തിയിരുന്നതെങ്കിലും ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് ഇപ്പോള്‍ വ്യക്തമായതായി ബംഗളൂരുവിലെ പ്രശസ്ത കാര്‍ഡിയോളജിസ്റ്റായ ഡോ.ദീപക് കൃഷ്ണമര്‍ത്തി പറഞ്ഞു. റീല്‍സ് കാണാന്‍ സാധിക്കുന്ന ആപ്പുകള്‍ ഒഴിവാക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
രാത്രി ഉറങ്ങുന്നതിന് മുമ്പ് റീല്‍സ് കാണുന്നത് കൂടുതല്‍ അപകടകരമാണെന്നും പഠനം പറയുന്നുണ്ട്. ഇത് നാഡീ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ ഇത് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് പഠനത്തില്‍ പങ്കെടുത്ത ഹെബൈ സര്‍വ്വകലാശാലയിലെ ഗവേഷകരായ ഫെങ്‌ദെ ലി, ഫാങ്ഫാങ് മാ, ഷാന്‍ഗ്യു ലിയു വാങ്, ലിഷുവാങ് ഗാങ് ലിയു എന്നിവരുടെ ആവശ്യം.