നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി; ഗോപന്റെ കല്ലറ പൊളിക്കും; നിയമനടപടിയുമായി മുന്നോട്ടുപോകും: സബ് കലക്ടര്‍
തിരുവനന്തപുരം: ദുരൂഹത ആരോപണം ഉയരുന്ന നെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ പൊളിക്കുമെന്ന് സബ് കലക്ടര്‍ ഒ വി ആല്‍ഫ്രഡ് അറിയിച്ചു. കല്ലറ എന്ന് പൊളിക്കണം എന്നുള്ള തീരുമാനം നാളെ എടുക്കുമെന്നും സബ് കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. കല്ലറ ഇന്ന് പൊളിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പൊളിക്കല്‍ നിര്‍ത്തിയിരുന്നു. എല്ലാം നിയമപരമായിട്ടാണ് മുന്നോട്ടുപോകുന്നത്. ജില്ലാ ഭരണകൂടത്തിന്റെ ഭാഗം കുടുംബത്തെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഇന്ന് കല്ലറ പൊളിക്കാതിരുന്നത്. ഇനിയൊരു ചര്‍ച്ചയുടെ ആവശ്യമില്ലെന്നും കല്ലറ എന്ന് പൊളിക്കണമെന്ന് നാളെ തീരുമാനിക്കുമെന്നും സബ് കലക്ടര്‍ പറഞ്ഞു.
സംഭവം മതപരമായ വിഷയമുണ്ടാക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുന്നില്ല. ഇതില്‍ ഉണ്ടായിട്ടുള്ള അസ്വാഭാവികത പുറത്തുകൊണ്ടുവരിക മാത്രമാണ് ചെയ്യുന്നതെന്നും സബ് കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കല്ലറ പൊളിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിരുന്നു. എന്നാല്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ പ്രതിഷേധവുമായി ഗോപന്റെ ഭാര്യയും മകനും രംഗത്തെത്തി. പിന്നാലെ നാട്ടുകാരില്‍ ചിലരും പ്രതിഷേധവുമായി രംഗത്ത് വന്നു. തുടര്‍ന്നാണ് കല്ലറ പൊളിക്കല്‍ മാറ്റിയത്. നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പോലിസ് കേസ് അന്വേഷിക്കുന്നത്.