ബിജെപിയുടെ അസൗകര്യം; ആലപ്പുഴയില്‍ സര്‍വകക്ഷി യോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റി
ആലപ്പുഴ: ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പുവരുന്നതിനായി ആലപ്പുഴ കലക്ട്രേറ്റില്‍ ഇന്ന് ചേരാനിരുന്ന സര്‍വകക്ഷി യോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇന്ന് യോഗത്തില്‍ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് യോഗം നാളത്തേക്ക് മാറ്റിയത്.
ഇന്ന് മൂന്ന് മണിക്ക് യോഗം ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തുടര്‍ന്ന് അഞ്ചുമണിയിലേക്ക് മാറ്റിയെന്ന് അറിയിച്ചു. എന്നാല്‍ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും അവഗണിക്കുകയാണെന്നും ചൂണ്ടിക്കാട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി നേതൃത്വം അറിയിക്കുകയായിരുന്നു.
അതേസമയം, സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനായുള്ള സര്‍വകക്ഷിയോഗത്തിന് തങ്ങള്‍ എതിരല്ലെന്നും ഇന്ന് പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്നും ബിജെപി അറിയിച്ചു. ഇതേത്തുടര്‍ന്നാണ് യോഗം നാളത്തേക്ക് മാറ്റിയത്.
രഞ്ജിത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ അവസാനിച്ച് ഇന്ന് രാത്രിയോ നാളെയോ മറ്റന്നാളോ സര്‍വ്വകക്ഷിയോഗം നടത്താമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. 'സംസ്‌കാര ചടങ്ങുകള്‍ മൂന്ന് മണിക്കോ അഞ്ചു മണിക്കോ പൂര്‍ത്തിയാകുമോ എന്നറിയില്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രി പങ്കെടുക്കുന്നുണ്ട്. മൂന്നിടത്ത് പൊതുദര്‍ശനമുണ്ട്. ബിജെപിയോട് സര്‍ക്കാരിന്റെ അസഹിഷ്ണുത തുടരുകയാണ്', സുരേന്ദ്രന്‍ പറഞ്ഞു.
ഇന്ന് വൈകീട്ട് ചേരാനിരിക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു. കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും സമയമാറ്റം അടക്കമുള്ള കാര്യങ്ങള്‍ അറിയിച്ചില്ലെന്നും ആരോപിച്ചാണ് ബിജെപി സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് വിട്ടുനല്‍കുന്നത് മനഃപൂര്‍വ്വം വൈകിപ്പിച്ചുവെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എം.വി.ഗോപകുമാര്‍ ആരോപിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയും ഇന്‍ക്വസ്റ്റ് നടപടികളും വൈകിയതോടെ ഞായറാഴ്ച പോസ്റ്റുമോര്‍ട്ടം നടന്നില്ല. തിങ്കളാഴ്ചയാണ് നടത്തിയത്. ഇത് ബോധപൂര്‍വ്വമാണെന്നും ബിജെപി ആരോപിച്ചു. ഇതേ തുടര്‍ന്നാണ് സര്‍വകക്ഷി യോഗം നാളത്തേക്ക് മാറ്റിയത്.