തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം ചെയ്യാനുള്ള ബിജെപി സംസ്ഥാന നേതൃയോഗം പി കെ കൃഷ്ണദാസ് പക്ഷം ബഹിഷ്‌കരിച്ചു. കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ഥി എം ടി രമേശ്, പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരാണ് യോഗം ബഹിഷ്‌കരിച്ചത്. ബിജെപി സംസ്ഥാന ഘടകത്തിലെ ഭിന്നതയാണ് ബഹിഷ്‌കരണത്തിനു കാരണം. സംസ്ഥാന നേതൃത്വം തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണമെന്നാണ് സൂചന. ഇതിനുപുറമെ, കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാന്‍ കൂടിയാണ് ബഹിഷ്‌കരണമെന്നാണ് വിവരം. നേതൃയോഗത്തിന് മുമ്പ് സംസ്ഥാന കോര്‍ കമ്മിറ്റി യോഗം വിളിച്ച് തിരഞ്ഞെടുപ്പ് അവലോകനം നടത്തണമെന്ന കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. ഇതോടെ തങ്ങളുടെ പരാതി പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്നു മനസ്സിലാക്കിയാണ് നിര്‍ണായക യോഗത്തില്‍നിന്ന് കൃഷ്ണദാസ് പക്ഷം വിട്ടുനില്‍ക്കുന്നത്. ബിജെപി മല്‍സരിച്ച എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളും നേതാക്കളുമാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്.
അതിനിടെ, വിവാദ ദല്ലാള്‍ നന്ദകുമാറുമായി ചേര്‍ന്ന് ഇ പി ജയരാജനെ ബിജെപിയിലെത്തിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയെന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും. സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ ഇ പി ജയരാജനെ നേരില്‍ക്കണ്ടതിനെ കുറിച്ച് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവേദ്ക്കറും യോഗത്തില്‍ വിശദീകരിക്കും. ബിജെപി സംസ്ഥാന ഘടകത്തിലുള്ള കടുത്ത ഭിന്നത തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായാണ് ഒരുവിഭാഗത്തിന്റെ വിമര്‍ശനം. കോഴിക്കോട് എം ടി രമേശിനെതിരേ ശക്തമായ വിഭാഗീയ പ്രവര്‍ത്തനം നടന്നതായി പരാതിയുണ്ട്. പ്രാദേശിക തലത്തില്‍ പോലും കോണ്‍ഗ്രസിനു വേണ്ടി ബിജെപി നേതാക്കള്‍ വോട്ടു മറിച്ചെന്നാണ് ആക്ഷേപം. ആലപ്പുഴയില്‍ മുരളീധരന്‍ വിഭാഗം ശോഭാ സുരേന്ദ്രനെതിരേയും ആറ്റിങ്ങലില്‍ കൃഷ്ണദാസ് പക്ഷം സജീവമല്ലായിരുന്നുവെന്നും നേതാക്കള്‍ക്കിടയില്‍ ആക്ഷേപമുണ്ട്. തൃശൂരില്‍ നേതാക്കള്‍ തമ്മിലുള്ള പോര് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചതില്‍ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കു തന്നെ അമര്‍ഷമുണ്ട്.