ത്രിപുരയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി: എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു, ഒരു വര്‍ഷത്തിനിടെ രാജിവച്ചത് നാലു പേര്‍
ടിപ്ര തലവനും മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബര്‍മനൊപ്പമാണ് ബര്‍ബ മോഹന്‍ സ്പീക്കര്‍ രത്തന്‍ ചക്രവര്‍ത്തിക്ക് രാജിക്കത്ത് നല്‍കിയത്.
അഗര്‍ത്തല: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന ത്രിപുരയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയായി എംഎല്‍എ രാജിവച്ചു. കാര്‍ബുക്ക് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന നേതാവ് ബര്‍ബ മോഹനാണ് രാജിവെച്ചത്. ട്രൈബല്‍ അധിഷ്ഠിത പാര്‍ട്ടിയായ ടിപ്രഹ ഇന്‍ഡിജിനസ് പ്രോഗ്രസീവ് റീജിയണല്‍ അലയന്‍സില്‍ (ടിപ്ര) ചേരുമെന്നാണ് ബര്‍ബ മോഹന്‍ അറിയിച്ചിട്ടുള്ളത്.
ടിപ്ര തലവനും മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബര്‍മനൊപ്പമാണ് ബര്‍ബ മോഹന്‍ സ്പീക്കര്‍ രത്തന്‍ ചക്രവര്‍ത്തിക്ക് രാജിക്കത്ത് നല്‍കിയത്. ബിജെപിയുടെ പ്രാഥമിക അംഗത്വത്തിനൊപ്പം നിയമസഭാംഗത്വവും അദ്ദേഹം രാജിവച്ചു.
മോഹന്‍ ടിപ്രയില്‍ ചേരുമെന്ന് ദേബ് ബാര്‍മാനും വ്യക്തമാക്കി. അദ്ദേഹം ബിജെപിയില്‍ നിന്നും നിയമസഭയില്‍ നിന്നും രാജിവെച്ചിട്ടുണ്ട്. അദ്ദേഹത്തോടുള്ള ഐക്യദാര്‍ഢ്യം അറിയിക്കാന്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം പോയി. നേതാവ് ഉടന്‍ തന്നെ ടിപ്രയില്‍ ചേരുമെന്ന് ദേബ് ബാര്‍മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതോടെ 60 അംഗ സഭയില്‍ ബിജെപിയുടെ അംഗബലം 35 ആയി കുറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച നാലാമത്തെ ബിജെപി നിയമസഭാംഗമാണ് ബര്‍ബ മോഹന്‍. മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബുമായി തെറ്റി ആശിസ് ദാസ്, മുന്‍ മന്ത്രി സുദീപ് റോയ് ബര്‍മാന്‍, ആശിസ് കുമാര്‍ സാഹ എന്നിവരായിരുന്നു നേരത്തെ ബിജെപിയില്‍നിന്ന് രാജിവച്ചത്.
ബിജെപി വിട്ട റോയ് ബര്‍മ്മര്‍ ഫെബ്രുവരിയില്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുകയും ജൂണില്‍ അഗര്‍ത്തല മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി വിജയിക്കുകയും ചെയ്തു. ഇതോടെ 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സമ്പൂര്‍ണ പരാജയത്തിന് ശേഷം അദ്ദേഹം സഭയിലെ ഏക കോണ്‍ഗ്രസ് എംഎല്‍എയായി അദ്ദേഹം മാറുകയും ചെയ്തു.