യോഗിയുടെ വിവാദ ട്വീറ്റിനുള്ള രാഹുലിന്റെ മറുപടി വിവാദമാക്കാനൊരുങ്ങി ബിജെപി;രാജ്യദ്രോഹ കേസ് ഫയല്‍ ചെയ്യും
അരുണാചല്‍ പ്രദേശ് തങ്ങളുടേതാണെന്ന ചൈനയുടെ വാദം അംഗീകരിക്കുന്നതാണ് രാഹുലിന്റെ ട്വീറ്റെന്നും ഇത് രാജ്യദ്രോഹമാണെന്നുമാണ് വാദം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ രാജ്യദ്രോഹ കേസുകള്‍ ഫയല്‍ ചെയ്യാന്‍ അസം ബിജെപി. ആയിരം പരാതികളാണ് രാഹുലിനെതിരെ നല്‍കുക.യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തിന് രാഹുല്‍ നല്‍കിയ മറുപടി ട്വീറ്റാണ് ബിജെപി വിവാദമാക്കാന്‍ ശ്രമം നടത്തുന്നത്.രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിലെ വരികള്‍ രാജ്യദ്രോഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നല്‍കുന്നത്.
വോട്ട് ചെയ്യുന്നതില്‍ അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്ന യോഗിയുടെ ട്വീറ്റ് വലിയ വിവാദമായി മാറിയിരുന്നു.'കശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെയും ഇന്ത്യ എല്ലാ നിറങ്ങളിലും മനോഹരമാണെന്ന് രാഹുല്‍ ട്വീറ്റിന് മറുപടി നല്‍കിയിരുന്നു.സംസ്‌കാരം, ഭാഷ, മനുഷ്യര്‍, സംസ്ഥാനങ്ങള്‍ എന്നിവയിലെ വൈവിധ്യങ്ങളാണ് ഇന്ത്യയെ മഹത്തരമാക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
'ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെ' എന്ന് പറഞ്ഞതിലൂടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ രാഹുല്‍ മന:പൂര്‍വം ഒഴിവാക്കിയെന്ന തരത്തില്‍ വിവാദം സൃഷ്ടിക്കാന്‍ ഇതിന് പിന്നാലെ ശ്രമം നടന്നു. അസം, ത്രിപുര, മണിപ്പൂര്‍ മുഖ്യമന്ത്രിമാര്‍ രാഹുല്‍ വടക്കുകിഴക്കിനെ ഒഴിവാക്കിയെന്നാരോപിച്ചിരുന്നു. ഇത് ആയുധമായെടുത്താണ് ബിജെപി രാഹുലിനെതിരെ നീങ്ങുന്നത്.
ഗുജറാത്ത് മുതല്‍ പശ്ചിമബംഗാള്‍ വരെ എന്ന് പറഞ്ഞതിലൂടെ രാഹുല്‍ ഗാന്ധി, അരുണാചല്‍ പ്രദേശിനെ ഒഴിവാക്കിയിരിക്കുകയാണെന്ന് അസം ബിജെപി ആരോപിക്കുന്നു.അരുണാചല്‍ പ്രദേശ് തങ്ങളുടേതാണെന്ന ചൈനയുടെ വാദം അംഗീകരിക്കുന്നതാണ് രാഹുലിന്റെ ട്വീറ്റെന്നും ഇത് രാജ്യദ്രോഹമാണെന്നുമാണ് വാദം.
നേരത്തെ, രാഹുലിനെതിരെ വിമര്‍ശനവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രംഗത്തെത്തിയിരുന്നു. രാഹുലിന്റെ പൂര്‍വികര്‍ ചെയ്തത് പോലെ അദ്ദേഹവും വടക്കുകിഴക്കിനെ അവഗണിച്ചിരിക്കുകയാണെന്നും ഈ അജ്ഞതയാണ് കോണ്‍ഗ്രസിനെ രാജ്യത്തുനിന്ന് തന്നെ തുടച്ചുനീക്കുന്നതെന്നും ബിപ്ലബ് ദേബ് പറഞ്ഞു.