കെജ്‌രിവാളിന്റെ വീടിന് നേരെ ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച്; കൊലപ്പെടുത്താന്‍ ശ്രമമെന്ന് ആംആദ്മി
'ദ കശ്മീര്‍ ഫയല്‍സ്' എന്ന സിനിമയെക്കുറിച്ചുള്ള കെജ്‌രിവാള്‍ നടത്തിയ പരാമര്‍ശത്തിനെതിരേ ആയിരുന്നു ബിജെപിയുടെ പ്രതിഷേധം.
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് മുന്നില്‍ സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഏറ്റുമുട്ടി. കെജ്‌രിവാള്‍ കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ചു എന്ന് ആരോപിച്ചാണ്, ബിജെപി കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചത്. കെജ് രിവാളിനെ വധിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു.
'ദ കശ്മീര്‍ ഫയല്‍സ്' എന്ന സിനിമയെക്കുറിച്ചുള്ള കെജ്‌രിവാള്‍ നടത്തിയ പരാമര്‍ശത്തിനെതിരേ ആയിരുന്നു ബിജെപിയുടെ പ്രതിഷേധം. കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയെ കെജ്‌രിവാള്‍ പരിഹസിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
സെക്യൂരിറ്റി ചെക്കിങ് ഉപകരണങ്ങളും സിസിടിവിയും ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വസതിയിലേക്ക് കറുത്ത പെയിന്റ് എറിഞ്ഞു. സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം നടക്കുമ്പോള്‍ കെജ്‌രിവാള്‍ വസതിയിലുണ്ടായിരുന്നില്ല. 200ഓളം പേരാണ് ബിജെപി പതാകയുമേന്തി കെജ്‌രിവാളിന്റെ വസതിക്ക് മുന്നില്‍ എത്തിയത്. എഴുപതോളം പേരെ കസ്റ്റഡിയിലെടുത്തു.
ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും മുഖ്യമന്ത്രിയുടെ വീട്ടില്‍ എത്താന്‍ അനുവദിച്ചതിലൂടെ ഡല്‍ഹി പോലിസ് അക്രമത്തിന് സൗകര്യമൊരുക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. കശ്മീരി ഫയല്‍സിന് ടാക്‌സ് ഒഴിവാക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍, യുട്യൂബില്‍ റിലീസ് ചെയ്യാന്‍ പറയൂ അപ്പോള്‍ എല്ലാവര്‍ക്കും കാണാമല്ലോ എന്ന് കെജ്‌രിവാള്‍ മറുപടി നല്‍കിയിരുന്നു.