നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയുണ്ടായിരുന്നതായി ഇന്‍ക്വസ്റ്റ് റിപോര്‍ട്
മൃതദേഹപരിശോധന പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തുന്നതില്‍ വിയോജിപ്പുണ്ടെന്നും അത് കോഴിക്കോട്ടേക്ക് മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
കണ്ണൂര്‍: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയുണ്ടായിരുന്നതായി ഇന്‍ക്വസ്റ്റ് റിപോര്‍ട്ട്. നവീന്‍ ബാബു മരിച്ച ഒക്ടോബര്‍ 15ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പോലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപോര്‍ട്ടിലാണ് ഈ വിവരമുള്ളത്.
ജോക്കി എന്ന എഴുത്തുള്ളതും ചാരനിറത്തിലുള്ളതുമായ അടിവസ്ത്രമാണ് മരിക്കുമ്പോള്‍ നവീന്‍ബാബു ധരിച്ചിരുന്നത്. അടിവസ്ത്രം രക്തക്കറകളോടുകൂടിയ നിലയിലായിരുന്നുവെന്ന് റിപോര്‍ട് പറയുന്നു. തുടകള്‍, കണങ്കാലുകള്‍, പാദങ്ങള്‍ എന്നിവ സാധാരണനിലയിലാണെന്നും എഴുതിയിട്ടുണ്ട്. മരണകാര്യത്തില്‍ മറ്റു സംശയങ്ങളൊന്നും ഇല്ലെന്നാണ് എഫ്‌ഐആര്‍ പറയുന്നത്.
ഇന്‍ക്വസ്റ്റ് നടത്താന്‍ രക്തബന്ധുക്കള്‍ ആരും സ്ഥലത്തില്ലാത്തതിനാല്‍ അവരുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇന്‍ക്വസ്റ്റ് റിപോര്‍ട് പറയുന്നു. ഒക്ടോബര്‍ 15ന് രാവിലെ 10.15ന് തുടങ്ങി 11.45നാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. മൃതദേഹപരിശോധന പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തുന്നതില്‍ വിയോജിപ്പുണ്ടെന്നും അത് കോഴിക്കോട്ടേക്ക് മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
കേസില്‍ ആരോപണ വിധേയരായ പി പി ദിവ്യയുടെ ഭര്‍ത്താവും കൈക്കൂലി നല്‍കിയെന്ന് ആരോപണമുന്നയിച്ച പ്രശാന്തനും ജോലിചെയ്യുന്ന സ്ഥലമായതിനാലാണ് പരിയാരത്തുനിന്ന് മൃതദേഹപരിശോധന മാറ്റണമെന്ന് ആവശ്യപ്പെട്ടത്. പോലീസ് സര്‍ജനാണ് മൃതദേഹപരിശോധന ചെയ്യുന്നതെന്നാണ് ജില്ലാ കലക്ടര്‍ കുടുംബത്തെ അറിയിച്ചത്.