മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; മുന്‍ കേന്ദ്രമന്ത്രിയും എംപിയും എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു
ഭോപാല്‍: മധ്യപ്രദേശില്‍ മുന്‍ കേന്ദ്രമന്ത്രിയും എംപിയും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ കേന്ദ്ര മന്ത്രിയും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്ന സുരേഷ് പച്ചൗരി, മുന്‍ എംപി രാജുഖേഡി, മുന്‍ എംഎല്‍എമാരായ സഞ്ജയ് ശുക്ല, അര്‍ജുന്‍ പാലിയ, വിശാല്‍ പട്ടേല്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇന്ന് രാവിലെ ഭോപാലിലെ ബിജെപി ഓഫിസിലെത്തിയാണ് ബിജെപി അംഗത്വമെടുത്തത്. മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മോഹന്‍യാദവ്, മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തുടങ്ങിയവരാണ് ഇവരെ സ്വീകരിച്ചത്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുരേഷ് പച്ചൗരി, നരസിംഹറാവു-മന്‍മോഹന്‍ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. പ്രതിരോധ സഹമന്ത്രി, പേഴ്‌സണല്‍കാര്യ സഹമന്ത്രി, പാര്‍ലമെന്ററി കാര്യസഹമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നാലുതവണ രാജ്യസഭാ എംപിയായിരുന്നു. 2008 മുതല്‍ മൂന്ന് വര്‍ഷം മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. ഗോത്രവര്‍ഗ നേതാവായ രാജുഖേദി 1998, 1999, 2009 കാലയളവുകളില്‍ ധാര്‍ (പട്ടികവര്‍ഗ) ലോക്‌സഭാ സീറ്റില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് 1990ല്‍ അദ്ദേഹം ബിജെപി എംഎല്‍എയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേതാക്കളുടെ ചുവടുമാറ്റം.