കള്ളവോട്ട്: കണ്ണൂരില്‍ 199 പേര്‍ക്കെതിരേ യുഡിഎഫ് കലക്ടര്‍ക്കു പരാതി നല്‍കി
നാലു നിയോജകമണ്ഡലങ്ങളിലായി ആകെ 199 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്
കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കഴിഞ്ഞ് 10 ദിവസം പിന്നിടുമ്പോഴും കണ്ണൂരില്‍ കള്ളവോട്ട് വിവാദം കൊഴുക്കുന്നു. കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിലെ വിവിധ പോളിങ് സ്‌റ്റേഷനുകളില്‍ സംഘടിതവും വ്യാപകവുമായ രീതിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആള്‍മാറാട്ടം നടത്തി കള്ളവോട്ടുകള്‍ ചെയ്തതായി യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ ചീഫ് ഏജന്റ് കെ സുരേന്ദ്രന്‍ ജില്ലാ കലക്്ടര്‍ക്കു പരാതി നല്‍കി. ആള്‍മാറാട്ടം നടത്തി കള്ളവോട്ടുകള്‍ ചെയ്യുകയും തിരിച്ചറിയാന്‍ സാധിക്കുകയും ചെയ്ത ചിലരുടെ പേരുവിവരങ്ങളും വോട്ടര്‍പട്ടികയിലെ അവരുടെ ക്രമനമ്പറുകളും പോളിങ് സ്‌റ്റേഷനുകളിലെ നമ്പറുകളും സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ 22 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ഇതില്‍ 6 പേര്‍ സ്ത്രീകളാണ്. ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയാവാത്ത ആളാണെന്നു പരാതിയില്‍ വ്യക്തമാക്കുന്നു. മണ്ഡലത്തില്‍ ആകെ നൂറുപേര്‍ കള്ളവോട്ട് ചെയ്‌തെന്നു കാണിച്ചാണ് പരാതി നല്‍കിയിട്ടുള്ളത്. പിതാവിന്റെ വോട്ട് മകന്‍ ചെയ്തു, വിദേശത്തുള്ള ജ്യേഷ്ഠന്റെ വോട്ട് അനുജന്‍ ചെയ്തു തുടങ്ങിയ തെളിവുകളാണ് പുതിയ പരാതിയിലുള്ളത്. പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ 35 പേര്‍ക്കെതിരെയാണ് പരാതി. ഇതില്‍ 6 പേര്‍ സ്ത്രീകളാണ്. ഇവിടെ സി അഖില്‍ ആകെ 5 വോട്ട് ചെയ്തു. അഖില്‍ കൃഷ്ണ നാല് വോട്ട് ചെയ്തു. സനോജ് എന്നയാള്‍ 3 വോട്ട് ചെയ്തു. വിനയന്‍ അശ്വിന്‍ എന്നിവര്‍ മൂന്നുവീതം വോട്ടുകള്‍ ചെയ്തു. തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ 77 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ഇതില്‍ 17 പേര്‍ സ്ത്രീകളാണ്. 18 വയസ്സ് തികയാത്ത വിദ്യാര്‍ഥി രണ്ടുവോട്ട് ചെയ്തിട്ടുണ്ട്. 172ാം നമ്പര്‍ ബൂത്തിലെ ജിനിത്ത് പനച്ചിക്കല്‍ അഞ്ചു വോട്ടുചെയ്തു. അദ്ദേഹത്തിന്റെ സഹോദരി ആര്യ 3 വോട്ട് ചെയ്തു. കുറ്റ്യേരി വില്ലേജിലെ അഞ്ചാം നമ്പര്‍ ബൂത്തില്‍ കെ എ മാലതിയുടെ കള്ളവോട്ട് ചെയ്തത് നേരത്തേ പരിയാരം പഞ്ചായത്തംഗമായിരുന്ന നളിനി ശിവനാണ്.
മട്ടന്നൂര്‍ നിയോജക നിയോജക മണ്ഡലത്തില്‍ 65 കള്ളവോട്ടുകള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ഇതില്‍ 11 പേര്‍ സ്ത്രീകളാണ്. 104ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്ത സി എച്ച് ചിത്രലേഖ അവരുടെ വോട്ട് ഉള്‍പ്പെടെ നാലുവോട്ടുകള്‍ ചെയ്തതായും ആരോപിക്കുന്നുണ്ട്. ഇതിനുപുറമെ പലര്‍ക്കും ഇരട്ടവോട്ടുണ്ടെന്നും അവരെല്ലാം രണ്ടുസ്ഥലത്തും വോട്ട് ചെയ്തതായും പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നാലു നിയോജകമണ്ഡലങ്ങളിലായി ആകെ 199 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. പ്രസ്തുത ബൂത്തുകളുമായി ബന്ധപ്പെട്ട വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും പരാതിക്ക് അടിസ്ഥാനമായ കാര്യങ്ങള്‍ ദ്യശ്യങ്ങളില്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഉണ്ടെങ്കില്‍ പരാതിയില്‍ പറയുന്ന 199പേര്‍ക്കുമെതിരേ നിയമനടപടികളുമായി മുന്നോട്ടുപോവുമെന്നും കലക്്ടര്‍ മീര്‍ മുഹമ്മദലി ഉറപ്പുനല്‍കിയതായി യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.