ഒമിക്രോണ്‍ വ്യാപിക്കുന്നു; യുകെയില്‍ 30 വയസ് കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്

Update: 2021-12-13 00:57 GMT

ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ബ്രിട്ടനില്‍ 30 വയസ് കഴിഞ്ഞവര്‍ക്ക് ഇനി മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും. 30നും 39 വയസിനുമിടെ 75 ലക്ഷം ആളുകളാണ് യുകെയിലുള്ളത്. ഇതില്‍ 35 ലക്ഷത്തിനാണ് ആദ്യഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക. ഇംഗ്ലണ്ടിലാണ് ബൂസ്റ്റര്‍ ഡോസിന് തുടക്കം കുറിക്കുക. യുകെയില്‍ ഒമിക്രോണ്‍ വകഭേദം ബാധിച്ചവരില്‍ ആരും മരിച്ചതായി റിപോര്‍ട്ടില്ല. ഈ വര്‍ഷാവസാനത്തോടെ യുകെയില്‍ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുണ്ടായിരുന്നു.

ഇംഗ്ലണ്ടില്‍ 30 വയസ്സും അതില്‍ കുടുതലും പ്രായമുള്ളവര്‍ക്ക് തിങ്കളാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനായി എന്‍എച്ച്എസ് സൈറ്റില്‍ ബുക്കുചെയാം. കഴിഞ്ഞയാഴ്ച 40 വയസ്സുമുതലുളളവരെ ബൂസ്റ്റര്‍ ഡോസ് ബുക്കിങ്ങിനായി ക്ഷണിച്ചിരുന്നു. ഇപ്പോള്‍ സെക്കന്‍ഡ് ഡോസ് കഴിഞ്ഞ് മൂന്നുമാസം തികയുമ്പോള്‍തന്നെ ബൂസ്റ്റര്‍ ഡോസ് എടുക്കാം.

തുടക്കത്തില്‍ ആറുമാസം കഴിഞ്ഞവര്‍ക്ക് മാത്രമാണ് നല്‍കിയിരുന്നത്. ഒമിക്രോണ്‍ മൂലം ഏപ്രിലിനുള്ളില്‍തന്നെ 25,000 മുതല്‍ 75,000 ആളുകള്‍വരെ യുകെയില്‍ മരിച്ചേക്കാമെന്ന് ഏറ്റവും പുതിയ പഠനറിപോര്‍ട്ടില്‍ പറയുന്നു. ഇത് തടയുന്നതിനായി ബൂസ്റ്റര്‍ ഡോസ് പരമാവധി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവീദ് ആവശ്യപ്പെട്ടു.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിനില്‍ (എല്‍എസ്എച്ച്ടിഎം) നിന്നുള്ള ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പ്ലാന്‍ ബിക്ക് അപ്പുറത്തുള്ള കൂടുതല്‍ നിയന്ത്രണങ്ങളില്ലാതെ യുകെ ഒമിക്രോണ്‍ വ്യാപനത്തെ പ്രതിരോധിക്കുന്നതുമൂലം വരും ദിനങ്ങളില്‍ ആശുപത്രി പ്രവേശനങ്ങളും മരണങ്ങളും കുതിച്ചുയരുമെന്ന് പഠനറിപോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതിനിടെ, 54,073 പുതിയ കൊവിഡ് കേസുകള്‍ യുകെ ആരോഗ്യവകുപ്പ് ശനിയാഴ്ച റിപോര്‍ട്ടുചെയ്തു. ഇതില്‍ 633 ഒമിക്രോണ്‍ കേസുകളുമുണ്ട്. 50% ഓളംളം വര്‍ധനവോടെ ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ ഒമിക്രോണ്‍ പ്രതിദിന കേസുകളാണിത്. ഇതോടെ യുകെയിലെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1,898 ആയുമുയര്‍ന്നു. 4 ശതമാനം വര്‍ധനവോടെ ശനിയാഴ്ച 132 മരണങ്ങളും റിപോര്‍ട്ടുചെയ്തു. മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആശുപത്രി കേസുകളിലും നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News