ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് കേരളീയരെ സമര്‍ത്ഥമായി കബളിപ്പിക്കുന്നു: പി ആര്‍ സിയാദ്

ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമായ നിയമനിര്‍മാണ സഭ ഇന്ന് അസഭ്യവര്‍ഷങ്ങളുടെയും പോര്‍വിളികളുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു

Update: 2022-07-21 07:16 GMT

ചിറക്കല്‍: ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങള്‍ ഒന്നും തന്നെ സംഘടിപ്പിക്കുന്നില്ലെന്നും ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് കേരള ജനതയെ സമര്‍ത്ഥമായി കബളിപ്പിക്കുകയാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. എസ്ഡിപിഐ അഴീക്കോട് മണ്ഡലം നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ട് കേരള ജനത പൊറുതി മുട്ടുമ്പോഴും അതൊന്നും കാണാതെ ഇടതു സര്‍ക്കാര്‍ വൈദ്യുതി നിരക്കും വെള്ളക്കരവും ഉള്‍പ്പെടെ വര്‍ധിപ്പിക്കുകയാണ്. അവശ്യമരുന്നുകള്‍ പോലും ലഭ്യമല്ലാതെ സര്‍ക്കാര്‍ ആശുപത്രികള്‍ നോക്കുകുത്തികളായി മാറിയിരിക്കുന്നു. അഴിമതിയും സ്വജന പക്ഷപാതവും നടത്തുന്ന കേരള ദുര്‍ഭരണത്തെ തുറന്ന് കാട്ടുന്ന ഒരു സമരങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറാവുന്നില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമായ നിയമനിര്‍മാണ സഭ ഇന്ന് അസഭ്യവര്‍ഷങ്ങളുടെയും പോര്‍വിളികളുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. ഭരണഘടനയെ നിന്ദിക്കുന്നവരെ പോലും സംരക്ഷിക്കുന്ന താവളമാണ് ഇന്ന് കേരളാ നിയമസഭ.

ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഇല്ലാത്ത രണ്ട് കൂട്ടര്‍ക്കും താല്‍പര്യം ഉള്ള വിഷയങ്ങളെ ഉയര്‍ത്തിക്കൊണ്ട് വന്നു ജനങ്ങളെ സമര്‍ത്ഥമായി കബളിപ്പിക്കുകയാണ് രണ്ട് കൂട്ടരും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും എസ്ഡിപിഐ നിരന്തരമായി സമര രംഗത്താണുള്ളത്. അതു കൊണ്ടാണ് പിണറായി ഇടക്കിടയ്ക്ക് എസ്ഡിപിഐക്ക് എതിരെ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടക്കുന്ന് യുപി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി സുനീര്‍ പൊയ്ത്തും കടവ് എസ്ഡിപിഐ ചിറക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് കാട്ടാമ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി ഫൈസല്‍, ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷുക്കൂര്‍ മാങ്കടവ്, അബ്ദുള്ള മന്ന, മണ്ഡലം ജോയിന്റ് സെക്രട്ടറി ഷബീര്‍ അലി കപ്പക്കടവ്, ഷാഫി പാപ്പിനിശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.


Tags:    

Similar News