മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലി; കോട്ടയം ജില്ലാ ഓഫിസര്‍ എ എം ഹാരിസിനെ സസ്‌പെന്‍ഡ് ചെയ്തു
തുടരന്വേഷണത്തിന്റെ ഭാഗമായി ജോസ്‌മോന്റെ കൊല്ലം എഴുകോണിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒന്നര കോടിയുടെ സ്ഥിര നിക്ഷേപ രേഖ കണ്ടെത്തി
കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലി കേസില്‍ കോട്ടയം ജില്ലാ ഓഫിസര്‍ എ എം ഹാരിസിനെ സസ്‌പെന്‍ഡ് ചെയ്തു. ഹാരിസിനും രണ്ടാംപ്രതി ജോസ്‌മോനുമെതിരേ കൂടുതല്‍ അന്വേഷണം നടത്തുമെന്നും സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ചെയര്‍മാന്‍ അറിയിച്ചു. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തില്‍ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ഉത്തരവിട്ടു. ജോസ്‌മോനെതിരെയും വകുപ്പ് തല നടപടി ഉണ്ടാകും. വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും നടപടി. കൈക്കൂലി വാങ്ങുന്നതിനിടെ എഎം ഹാരിസ് പിടിയിലാവുകയും ഇയാളുടെ ഫഌറ്റില്‍ നിന്നും 17 ലക്ഷത്തോളം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു. കോട്ടയം വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ആലുവയിലുള്ള വീട്ടില്‍ നിന്നും പണം കണ്ടെത്തിയത്. റബര്‍ റീസോള്‍ കമ്പനി നടത്തുന്ന പാലാ സ്വദേശിയില്‍ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജില്ല മലിനീകരണ നിയന്ത്ര ബോര്‍ഡ് ഉദ്യോഗസ്ഥനായ എ എന്‍ ഹാരിസ് പിടിയിലായത്.
വിജിലന്‍സ് എസ് പി വി ജി വിനോദിനു ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ആലുവയിലുള്ള ഫഌറ്റില്‍ സൂക്ഷിച്ച പണം വിജിലന്‍സ് എത്തി കണ്ടെത്തിയത്. ഇയാളുടെ ബാങ്കിലും ലക്ഷങ്ങളുടെ നിക്ഷേപം ഉള്ളതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ജോസ്‌മോന്റെ കൊല്ലം എഴുകോണിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒന്നര കോടിയുടെ സ്ഥിര നിക്ഷേപ രേഖ കണ്ടെത്തി. കോട്ടയം മുന്‍ ജില്ലാ ഓഫിസറും സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറുമാണ് ജോസ്‌മോന്‍. കൊല്ലത്തു നിര്‍മാണം നടക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രേഖകളും വാഗമണ്ണില്‍ നിര്‍മാണം നടക്കുന്ന 'ഇന്ന്' റിസോര്‍ട്ട് രേഖകളും കണ്ടെടുത്തു. ഒന്നര ലക്ഷം രൂപയും അമേരിക്കന്‍ ഡോളര്‍ അടക്കം വിദേശ കറന്‍സികളും വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്.