കശ്മീര്‍: വിമര്‍ശനമുന്നയിച്ച ബ്രിട്ടീഷ് വനിത എംപിയെ ഡല്‍ഹിയില്‍ തടഞ്ഞു; വിസ നിഷേധിച്ചു

ലേബര്‍ പാര്‍ട്ടി എംപിയായ ഡെബ്ബി എബ്രഹാമിനേയും അവരുടെ സഹായിയേയുമാണ് ഡല്‍ഹി ഇന്ദിരഗാന്ധി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്.

Update: 2020-02-17 12:02 GMT

ന്യൂഡല്‍ഹി: കശ്മീര്‍ പ്രശനത്തില്‍ മോദി സര്‍ക്കാറിനെ വിമര്‍ശിച്ച ബ്രിട്ടീഷ് എംപിക്ക് പ്രവേശനം നിഷേധിച്ച് ഇന്ത്യ.ലേബര്‍ പാര്‍ട്ടി എംപിയായ ഡെബ്ബി എബ്രഹാമിനേയും അവരുടെ സഹായിയേയുമാണ് ഡല്‍ഹി ഇന്ദിരഗാന്ധി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്.

കശ്മീര്‍ പ്രശ്‌നത്തില്‍ പാര്‍ലമെന്റ് രൂപീകരിച്ച സമിതിയുടെ അധ്യക്ഷയായിരുന്നു അവര്‍. ഒരു കുറ്റവാളിയെപ്പോലെയാണ് അധികൃതര്‍ പെരുമാറിയതെന്നും ഡിപോര്‍ട്ടീ സെല്ലിലേക്ക് കൊണ്ടു പോയെന്നും ഇവര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ വെച്ച് വിസ നിഷേധിക്കപ്പെട്ടെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നുവെന്ന് സഹായി ഹര്‍പ്രീത് ഉപല്‍ വാര്‍ത്താഏജന്‍സിയായ അസോസിയേറ്റ് പ്രസിനോട് പറഞ്ഞു.

ദുബയിയില്‍ നിന്ന് രാവിലെ ഒമ്പതിനാണ് ഇരുവരും ഡല്‍ഹിയിലെത്തിയത്. വിസക്ക് ഒക്ടോബര്‍ 20വരെ കാലാവധിയുണ്ടെന്നും എന്നാല്‍, കാരണമൊന്നും കാണിക്കാതെ വിസ നിഷേധിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. മറ്റുള്ളവരെ പോലെ ഇവിസ ഉള്‍പ്പെടെയുള്ള രേഖകള്‍ താന്‍ ഇമിഗ്രേഷന്‍ ഡെസ്‌കില്‍ ഹാജരാക്കി. എന്റെ ഫോട്ടോയും ഇതോടൊപ്പം നല്‍കി. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കി നിഷേധാത്മകമായി തല കുലുക്കാന്‍ തുടങ്ങി. പിന്നാലെ തന്റെ വിസ നിഷേധിച്ചതായി അറിയിച്ചു.

തുടര്‍ന്ന് തന്റെ പാസ്‌പോര്‍ട്ടുമായി ഉദ്യോഗസ്ഥന്‍ എഴുന്നേറ്റുപോയി. പത്തു മിനിറ്റിനു ശേഷം തിരിച്ചെത്തിയപ്പോള്‍ പരുഷമായിട്ടായിരുന്നു പെരുമാറ്റം. തന്നോടൊപ്പം വാ എന്ന് ആക്രോശിച്ചതായും ബ്രിട്ടീഷ് എംപി പ്രസ്താവനയില്‍ പറഞ്ഞു.

രണ്ട് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. 2011 മുതല്‍ ഇവര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിയാണ്. എന്തുകൊണ്ടാണ് വിസ നിഷേധിച്ചതെന്ന് അറിയില്ല. വിസ ഓണ്‍ അറൈവലിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും കൃത്യമായ മറുപടിയില്ലെന്നും ഡെബ്ബി പറഞ്ഞു. എന്നെ തിരികെ ബ്രിട്ടനിലേക്ക് അയക്കുന്നതിന് കാത്തിരിക്കുകയാണ്. കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കാനുള്ള ഇന്ത്യന്‍ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച നേതാവാണ് ഡെബ്ബി എബ്രഹാം. ജനവിശ്വാസത്തെ വഞ്ചിച്ചുവെന്ന് ഇന്ത്യയെ അറിയിക്കാന്‍ അവര്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

Tags:    

Similar News