ബ്രക്‌സിറ്റ് വോട്ടെടുപ്പിനായി പ്രസവം വൈകിപ്പിച്ച് ബ്രിട്ടീഷ് എംപി
ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് സ്വന്തം പ്രസവം തന്നെ മാറ്റിവച്ചാണ് എംപി ഉത്തരവാദിത്വ നിര്‍വഹണത്തില്‍ പുതിയ അധ്യായം വിളക്കി ചേര്‍ത്തത്
ചൊവ്വാഴ്ച്ചയായിരുന്നു 36കാരിയായ തുലീപ് സിദ്ധീഖിന് ഡോക്ടര്‍മാര്‍ സിസേറിയന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച്ച പാര്‍ലമെന്റില്‍ ബ്രക്‌സിറ്റ് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ സിസേറിയന്‍ വ്യാഴാഴ്ച്ചയിലേക്ക് മാറ്റിവയ്ക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിക്കുകയായിരുന്നു. വീല്‍ചെയറില്‍ അവരെ പാര്‍ലമെന്റില്‍ എത്തിക്കാനാണ് ലേബര്‍ എംപിമാര്‍ പദ്ധതിയിട്ടിരിക്കുന്നത്.
തന്റെ കുഞ്ഞ് ഡോക്ടര്‍മാര്‍ ഉപദേശിച്ചതിനേക്കാള്‍ ഒരു ദിവസം വൈകിയാണ് ഈ ലോകത്തേക്ക് വരുന്നതെങ്കില്‍പോലും ബ്രിട്ടനും യൂറോപ്പിനുമിടയില്‍ ശക്തമായ ബന്ധമുള്ള ഒരു ലോകത്തിലേക്കാണ് അവന്റെ വരവെങ്കില്‍ അതാണ് ഈ പോരാട്ടത്തിന്റെ വിലയെന്ന് ലണ്ടന്‍ ഈവനിങ് സ്റ്റാന്‍ഡേര്‍ഡ് ന്യൂസ് പേപ്പറിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. നേരത്തേ പ്രോക്‌സി വോട്ടിന് അനുമതി തേടിയിരുന്നുവെങ്കിലും സ്പീക്കര്‍ അനുവദിച്ചിരുന്നില്ല. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും പ്രഥമ പ്രസിഡന്റുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ കൊച്ചുമകളാണ് തുലീപ് സിദ്ധീഖ്. നിലവിലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പിതൃസഹോദരിയാണ്.