ഖുര്‍ആനിന് അക്ഷരമാല ക്രമത്തില്‍ ഇന്‍ഡെക്‌സ് തയ്യാറാക്കി ബിഎസ്‌സി കുഞ്ഞുമോന്‍ മുസ്‌ല്യാര്‍
തൃശൂര്‍: ഖുര്‍ആനിന് അക്ഷരമാല ക്രമത്തില്‍ ഇന്‍ഡെക്‌സ് തയ്യാറാക്കി ബിഎസ്‌സി കുഞ്ഞുമോന്‍ മുസ്‌ല്യാര്‍. വിശുദ്ധ ഖുര്‍ആനിലെ 6236 ആയത്തുകള്‍ അക്ഷരമാല ക്രമത്തില്‍ 'അലിഫ് ' മുതല്‍ 'യാ' വരെ ഡിക്ഷണറികള്‍ നിര്‍മിക്കുന്ന മാതൃകയില്‍ ക്രമീകരിച്ച് ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് സഹായകരമാകുന്ന രീതിയിലാണ് ഇന്‌ടെക്‌സ് തയ്യാറാക്കിയിരിക്കുന്നത്. പരിശുദ്ധ റമളാനിലെ ഏറ്റവും ശ്രേഷ്ഠ ദിനമായി കണക്കാക്കപ്പെടുന്ന ഇരുപത്തിയേഴാം രാവില്‍ ലോകത്തിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രവാസിയും കുന്നംകുളം നിയോജക മണ്ഡലത്തിലെ ആദൂര്‍ സ്വദേശിയും മദ്‌റസ മുഅല്ലിമുമായ ബി എസ് സി കുഞ്ഞുമോന്‍ മുസ്‌ലിയാര്‍.
ഖുര്‍ആനിലെ ഏതെങ്കിലുംഒരു സൂക്തം എടുത്താല്‍ അത് ഏത് ജുസ്ഇലാണ്, ഏത് അധ്യായത്തിലാണ്, എത്രാമത്തെ പേജിലാണ്, എത്രാമത്തെ ആയത്താണ്, എന്നൊക്കെ എളുപ്പത്തില്‍ മനസ്സിലാക്കാനും ഒരു ആയത്തു എത്ര തവണ ആവര്‍ത്തിച്ചു വരുന്നുണ്ടെന്നും ആവര്‍ത്തിച്ചു വരുന്ന ഈ 96 ആയത്തുകള്‍ ഏതൊക്കെ സൂറത്തുകളിലാണെന്നും കണ്ടു പിടിക്കാന്‍ നിഷ്പ്രയാസം സാധിക്കുന്ന തരത്തിലാണ് കുഞ്ഞുമോന്‍ മുസ്‌ലിയാര്‍ ഈ ഇന്‌ഡെക്‌സ് തയ്യാറാക്കിയിരിക്കുന്നത്.
ഖുര്‍ആന്‍ ആയത്തുകളില്‍ 'വാവ് ' എന്ന അക്ഷരം കൊണ്ടാണ് ഏറ്റവും കൂടുതല്‍ ആയത്തുകള്‍ ആരംഭിക്കുന്നത് (2231), ആദ്യാക്ഷരമായ 'അലിഫ് ' കൊണ്ട് (1219), ഫാ (698), ഖാഫ് (538), യാ (343), ലാം (266), മീം (155), കാഫ് (119), സ (109), ഹ്വ (87), ധാല്‍ (65), ബാ (63), താ (63), സീന്‍ (55), റ (47), ഐന്‍ (44), ഹ (31), ഖ(31), നൂന്‍ (26), ജീമ് (14), ത്വാ (7), സ്വാദ് (6), ളാദ് (6), ശീന്‍ (4), ദാല്‍ (3), സായ് (3) ഗോയ്ന്‍ (2), ളാ എന്ന അക്ഷരം കൊണ്ട് ഒരൊറ്റ ആയത്തു മാത്രമാണ് ആരംഭിക്കുന്നത്. ഇരുപത്തിയൊന്നാമത്തെ ജുസ്ഇല്‍ ഇരുപത്തിയൊമ്പതാമത്തെ അധ്യായമായ സൂറത്ത് റൂം ലെ നാല്‍പത്തി ഒന്നാമത്തെ സൂക്തമായി നാനൂറ്റി ഏട്ടാമത്തെ പേജിലാണ് ഇത് വന്നിരിക്കുന്നത്.
മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ ഫിസിക്‌സില്‍ ബി എസ് സി ബിരുദമെടുത്ത് 23 മത്തെ വയസ്സില്‍ വിദേശത്തേക്ക് പോകുന്നത് വരെ വീടുകളില്‍ കുടിയോത്തിന് പോയിരുന്നത് കൊണ്ട് അന്ന് മുതല്‍ ഖുര്‍ആനിനോട് ബന്ധം നില നിറുത്തി പോന്നിരുന്നു. 28വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ആദൂര്‍ മദ്‌റസയില്‍ അധ്യാപകനായി ജോലി നോക്കി വരുന്നതിനിടയിലാണ് ഒന്നര വര്‍ഷത്തെ പരിശ്രമഫലമായി ഇങ്ങനെയൊരു ഇന്‌ഡെക്‌സ് തയ്യാറാക്കിയത്.