ബിഎസ്എഫ് അധികാര പരിധി: പഞ്ചാബിനു പിന്നാലെ പ്രമേയം പാസാക്കാന്‍ ബംഗാള്‍
ഇത്തരം നീക്കങ്ങള്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്നാണ് ബഞ്ചാബ്, പശ്ചിമ ബംഗാള്‍ സര്‍ക്കാറുകളുടെ നിലപാട്
ന്യൂഡല്‍ഹി: ബിഎസ്എഫിന്റെ അധികാരപരിധി വിപുലീകരണത്തിനെതിരേ പഞ്ചാബിനു പിന്നാലെ പ്രമേയം പാസാക്കാനൊരുങ്ങി ബംഗാള്‍.ഈമാസം 17നാണ് ബംഗാള്‍ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുക. മമത ബാനര്‍ജി നേതൃത്വം കൊടുക്കുന്ന ബംഗാള്‍ സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. നേരത്തേ പഞ്ചാബും ഈ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനു കള്ളക്കടത്തുകാരും ക്രിമിനലുകളുമായും ബന്ധമുണ്ടെന്നും സംസ്ഥാനം ഭീകരരുടെ കേന്ദ്രമായി മാറിയെന്നും ബിജെപി ആരോപിച്ചു. തൃണമൂല്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പ്രമേയത്തെ ബിജെപി എംഎല്‍എമാര്‍ ശക്തമായി എതിര്‍ക്കുമെന്ന് ബിജെപി എംഎല്‍എ അഗ്‌നിമിത്ര പോര്‍ അറിയിച്ചു. അതിര്‍ത്തികള്‍ ശക്തവും സുരക്ഷിതവുമാക്കാന്‍ മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ലേയെന്നും പ്രമേയം എന്തിനാണു കൊണ്ടുവരുന്നതെന്നും അദ്ദേഹം ചോദിച്ചു.
പാക്കിസ്താന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി സംസ്ഥാനങ്ങളായ പഞ്ചാബ്, ബംഗാള്‍, അസം എന്നിവിടങ്ങളിലെ രാജ്യാന്തര അതിര്‍ത്തികള്‍ക്കു കാവലൊരുക്കുന്ന അതിര്‍ത്തി രക്ഷാ സേനയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. അതിര്‍ത്തിയില്‍നിന്ന് 50 കിലോമീറ്റര്‍ ഉള്ളിലേക്കു വരെയാണ് ബിഎസ്എഫിന്റെ അധികാരപരിധി വ്യാപിപ്പിച്ചത്. നേരത്തേ ഇത് 15 കിലോമീറ്റര്‍ ആയിരുന്നു. ഈ പ്രദേശങ്ങളില്‍ ക്രിമിനല്‍ നിയമം, പാസ്‌പോര്‍ട്ട് നിയമം എന്നിവ പ്രകാരം അറസ്റ്റും തിരച്ചിലും നടത്താന്‍ ബിഎസ്എഫിന് അധികാരം ലഭിക്കും.
പുതിയ നിയമ പ്രകാരം 50 കിലോമീറ്റര്‍ ഉള്ളിലേക്ക് വരെ കേറിച്ചെന്ന് ബിഎസ്എഫിന് അറസ്റ്റോ റൈഡോ നടത്താം. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്നാണ് ബഞ്ചാബ്, പശ്ചിമ ബംഗാള്‍ സര്‍ക്കാറുകളുടെ നിലപാട്. ക്രമസമാധാനം സംസ്ഥാനത്തിന്റെ വിഷയമാണന്നും അതിന്മേല്‍ കേന്ദ്രം തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ട ബഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ഛന്നിയുടെ നേതൃത്വത്തില്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു.അതിനു പിന്നാലെയാണ് അന്താരാഷ്ട്ര അതിര്‍ത്തിയുള്ള സംസ്ഥാനമായ പശ്ചിമ ബംഗാളും പ്രമേയം കൊണ്ടുവരുന്നത്. അസമില്‍ ബിജെപി ഭരിക്കുന്നതിനാലാണ് നിയമം അംഗീകരിക്കുന്നത്.