മഹാമാരി വിതച്ച ദുരിത കാലത്തെ അവഗണിക്കുന്ന ബജറ്റ്: എ കെ സലാഹുദ്ദീന്‍

സബ്‌സിഡികള്‍ വെട്ടിക്കുറച്ച് കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്ന ബജറ്റ്

Update: 2022-02-01 15:52 GMT


കോഴിക്കോട്: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജനജീവിതം ദുസ്സഹമായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബജറ്റ് ജനങ്ങള്‍ നേരിടുന്ന ഗുരുതര പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നില്ലെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എ കെ സലാഹുദ്ദീന്‍. മാറിമാറി വരുന്ന കൊവിഡ് വകഭേദങ്ങള്‍ നിരവധി കുടംബങ്ങളുടെ ഉപജീവനം നഷ്ടപ്പെടാനും ആയിരങ്ങളെ നിത്യദാരിദ്ര്യത്തിലേക്ക് തള്ളിവിടാനും ഇടയാക്കിയിരിക്കുകയാണ്.


ഈ പ്രതിസന്ധിക്ക് ക്രിയാല്‍മകമായ പരിഹാരം കണ്ടെത്തുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടു. കൊവിഡ് കാലഘട്ടത്തില്‍ 39,000 കോടി രൂപ വാക്‌സിനേഷനായി നീക്കിവെച്ചിടത്ത് ഇപ്പോള്‍ 5000 കോടി രൂപ മാത്രം നീക്കിവെച്ചത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകും. തൊഴിലില്ലായ്മ, ആരോഗ്യ പരിപാലനം, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളെ പാടെ അവഗണിക്കുന്ന ബജറ്റാണിത്. എയിംസ്, റെയില്‍വേ സോണ്‍ തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങളോട് പുറം തിരിഞ്ഞുനില്‍ക്കുന്ന ബജറ്റാണിത്. തൊഴിലുറപ്പ് പദ്ധതിക്കുണ്ടായിരുന്ന ബജറ്റ് വിഹിതം 25,000 കോടി വെട്ടിക്കുറച്ച നടപടി സംസ്ഥാനത്തിന് പ്രതിസന്ധിയാകും.


കഴിഞ്ഞ ബജറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ സബ്‌സിഡി വലിയ തോതില്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. രാസവളത്തിന് 1.40 ലക്ഷം കോടിയില്‍ നിന്ന് 1.05 ലക്ഷം കോടിയായും ഭക്ഷ്യവസ്തുക്കള്‍ക്ക് 2.95 ലക്ഷം കോടിയില്‍ നിന്ന് 2.1 ലക്ഷം കോടി രൂപയായും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് 6517 കോടി രൂപയില്‍ നിന്ന്


5,813 കോടി രൂപയായും സബ്‌സിഡി വെട്ടിക്കുറച്ചിരിക്കുകയാണ്. കാര്‍ഷിക കാര്‍ഷിക അനുബന്ധ മേഖലയ്ക്കുള്ള ബജറ്റ് വകയിരുത്തല്‍ മൊത്തം ബജറ്റിന്റെ 4.26% എന്നതില്‍ നിന്നും 3.86 % ആയും വെട്ടിക്കുറച്ചു. കാര്‍ഷിക മേഖലയില്‍ 16,000 കോടി രൂപയുടെയും ഗ്രാമീണ വികസന മേഖലയില്‍ 14,000 കോടി രൂപയുടെയും കുറവാണ് വരുത്തിയിരിക്കുന്നത്. എല്ലാ വിളകള്‍ക്കും മിനിമം സഹായ വില പ്രഖ്യാപിക്കണം എന്ന കര്‍ഷകരുടെ ആവശ്യം അവഗണിക്കുക മാത്രമല്ല സംഭരിക്കുന്ന രണ്ട് വിളകളുടെയും (നെല്ല്, ഗോതമ്പ്) അളവ് കുറച്ചിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം 1286 ലക്ഷം ടണ്‍ പ്രൊക്യുര്‍മെന്റിന് ബജറ്റില്‍ നിര്‍ദ്ദേശമുണ്ടായിരുന്നത്


ഇത്തവണ 1208 ലക്ഷം ടണ്‍ ആയാണ് കുറച്ചിരിക്കുന്നത്. കര്‍ഷകര്‍ക്കുള്ള പേമെന്റ് 2.48 ലക്ഷം കോടിയില്‍ നിന്ന് 2. 36 ലക്ഷം കോടി രൂപയായും കുറച്ചിട്ടുണ്ട്. അതേസമയം കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം ഗുണം ചെയ്യുന്ന മെഗാ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിതികള്‍ക്ക് വാരിക്കോരി കൊടുത്തിട്ടുമുണ്ട്.


പൊതുമേഖലാ സ്ഥാപനങ്ങളെ എങ്ങിനെ വിറ്റഴിക്കാം എന്നതിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. എയര്‍ ഇന്ത്യക്ക് പിന്നാലെ എല്‍ഐസിയും സ്വകാര്യവല്‍ക്കരിക്കും എന്ന പ്രഖ്യാപനം ബിജെപി സര്‍ക്കാരിന്റെ സാമൂഹിക പ്രതിബദ്ധതയില്ലായ്മ വ്യക്തമാക്കുന്നു. പൗരന്മാരുടെ മേല്‍ അമിത നികുതി ഈടാക്കിയും പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ചും സാമ്പത്തിക വരുമാനം കണ്ടെത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും എ കെ സലാഹുദ്ദീന്‍ പറഞ്ഞു.




Tags:    

Similar News