പരിവര്‍ത്തന കാലയളവിനുശേഷം വരുന്ന സര്‍ക്കാരില്‍ പങ്കാളിയാവില്ലെന്ന് സുഡാന്‍ സൈനിക മേധാവി
സൈന്യം അധികാരം പിടിച്ചെടുത്തതിനെതിരേ തെരുവിലിറങ്ങിയവരുടെ മരണത്തില്‍ സൈന്യത്തിന് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം വാദിച്ചു.
ഖാര്‍തൂം: പരിവര്‍ത്തന കാലയളവിനുശേഷം വരുന്ന സര്‍ക്കാരില്‍ താന്‍ പങ്കാളിയാവില്ലെന്ന് സുഡാന്‍ സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ബുര്‍ഹാന്‍. സൈന്യം അധികാരം പിടിച്ചെടുത്തതിനെതിരേ തെരുവിലിറങ്ങിയവരുടെ മരണത്തില്‍ സൈന്യത്തിന് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം വാദിച്ചു. ഒക്ടോബര്‍ 25ന് സൈന്യം അധികാര പിടിച്ചെടുത്തതിന് ശേഷം രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്. ഇവരെ സൈന്യം ശക്തമായാണ് നേരിടുന്നത്.
പ്രതിഷേധത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സുഡാന്‍ ഡോക്ടര്‍മാരുടെ സ്വതന്ത്ര കേന്ദ്ര കമ്മിറ്റി അറിയിച്ചു. 'ഇത് തങ്ങളുടെ പ്രതിജ്ഞയാണ്. തങ്ങളോടും സുദാനി ജനതയോടും അന്താരാഷ്ട്ര സമൂഹത്തോടും തങ്ങള്‍ ചെയ്ത പ്രതിജ്ഞയാണ്. ജനാധിപത്യ പരിവര്‍ത്തനം പൂര്‍ത്തിയാക്കാനും കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്താനും സമാധാനപരമായിരിക്കുന്നിടത്തോളം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളൊന്നും നിര്‍ത്താതിരിക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.-അല്‍ബുര്‍ഹാന്‍ വ്യക്തമാക്കി. 'ദേശീയ യോഗ്യതയുള്ള ഒരു സിവിലിയന്‍ ഗവണ്‍മെന്റിന് അധികാരം കൈമാറാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, അതിനെ തടസ്സപ്പെടുത്തുന്ന ഏതൊരു ഇടപെടലില്‍ നിന്നും പരിവര്‍ത്തനം സംരക്ഷിക്കുമെന്ന് തങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നതായും അദ്ദേഹം തുടര്‍ന്നു.
പ്രതിഷേധക്കാരുടെ മരണത്തിന് സൈന്യത്തിന് ഉത്തരവാദിത്തമില്ലെന്നും ബുര്‍ഹാന്‍ പറഞ്ഞു. 'സുദാനീസ് സൈന്യം പൗരന്മാരെ കൊല്ലുന്നില്ല, എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്താന്‍ അന്വേഷണ സമിതികളുണ്ട്'- അദ്ദേഹം പറഞ്ഞു.
അതേസമയം, രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ, പാട്ടളത്തിനു മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി തലസ്ഥാനമായ ഖാര്‍ത്തൂമിലും മറ്റ് നിരവധി പട്ടണങ്ങളിലും അട്ടിമറി വിരുദ്ധ റാലികള്‍ തുടരുന്നതിനിടെയാണ് അഭിമുഖം സംപ്രേക്ഷണം ചെയ്തത്.
ഖാര്‍ത്തൂമിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്ത് ഡസന്‍ കണക്കിന് അധ്യാപകര്‍ സൈന്യത്തിനെതിരെ അണിനിരന്നു. 'സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സമവായത്തിലെത്തുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി അബ്ദല്ല ഹംദോക്ക് ഉള്‍പ്പെടെയുള്ള വ്യക്തികളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ബുര്‍ഹാന്‍ പറഞ്ഞു. നിരവധി പ്രതിബന്ധങ്ങള്‍ക്കിടയിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ കരാറിലെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.