ദുബയിലെ ബസ്സപകടം; മലയാളിയുടെ കുടുംബത്തിന് 47 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശി എബി അബ്രഹാമിന്റെ കുടുംബത്തിനാണ് രണ്ടുലക്ഷം ദിര്‍ഹം(45 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ദുബയ് കോടതി വിധിച്ചത്.

Update: 2024-07-11 09:26 GMT

ദുബയ്: ദുബയില്‍ ബസ്സപകടത്തില്‍പെട്ട് മരണപ്പെട്ട മലയാളിയുടെ കുടുംബത്തിന് 47 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശി എബി അബ്രഹാമിന്റെ കുടുംബത്തിനാണ് രണ്ടുലക്ഷം ദിര്‍ഹം(45 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ദുബയ് കോടതി വിധിച്ചത്. ഏഴ് മാസത്തോളം നടത്തിയ നിയമ നടപടികള്‍ക്ക് ഒടുവിലാണ് എബിയുടെ കുടുംബത്തിന് അനുകൂലമായ കോടതി വിധി ലഭിച്ചത്. 2020 ജൂലൈ 12ന് ദുബയ് ശൈഖ് സായിദ് അല്‍ മനാറ പാലത്തിലൂടെ അബൂദബിയിലേക്ക് പോവുകയായിരുന്ന എബി സഞ്ചരിച്ച മിനി ബസ് സിമന്റ് ബാരിയറിലിടിച്ച് തീപിടിക്കുകയായിരുന്നു. അപകടത്തില്‍ യാത്രക്കാരായ 14 പേരില്‍ എബിയുള്‍പ്പെടെ രണ്ടുപേര്‍ മരണപ്പെടുകയും ബാക്കിയുള്ളവര്‍ പരിക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു. പാകിസ്താന്‍ സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്. ആവശ്യമായ മുന്‍കരുതലെടുക്കാതെയും അശ്രദ്ധമായും വാഹനമോടിച്ചതിന് പാകിസ്താന്‍ സ്വദേശിക്കെതിരേ ദുബയ് പോലിസ് കേസെടുക്കുകയും ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു.

    തുടര്‍ന്ന് ഇയാള്‍ക്ക് മൂന്ന് മാസം തടവും ആയിരം ദിര്‍ഹം പിഴയും മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ദിര്‍ഹം(47 ലക്ഷം രൂപ) ദിയാധനവും നല്‍കാന്‍ വിധിച്ചു. എന്നാല്‍ പാകിസ്താന്‍ സ്വദേശി വിധിക്കെതിരേ അപ്പീല്‍ നല്‍കി. അപ്പീല്‍ ഹരജി പരിഗണിച്ച കോടതി അപകട കാരണം അന്വേഷിക്കാന്‍ ടെക്‌നീഷ്യന്‍ വിദഗ്ധനെ നിയമിച്ചു. അന്വേഷണത്തില്‍ പാകിസ്താന്‍ സ്വദേശിയുടെ അശ്രദ്ധയല്ല അപകടകാരണമെന്ന് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കുറ്റവിമുക്തനാക്കി കോടതി വെറുതെ വിട്ടു.

    കുടുംബത്തിന്റെ ആശ്രയമായിരുന്ന എബിയുടെ മരണത്തോടെ സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബം കോടതിയെ സമീപിച്ചെങ്കിലും മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ കേസ് തള്ളിപ്പോയിരുന്നു. അപകടത്തില്‍പ്പെട്ടവരില്‍ ചിലരുടെ കേസ് യാബ് ലീഗല്‍ സര്‍വീസസ് ഏറ്റെടുക്കുകയും നഷ്ടപരിഹാരം ലഭ്യമാക്കുകയും ചെയ്തതറിഞ്ഞ് മൂന്നുവര്‍ഷത്തിനു ശേഷം എബിയുടെ കുടുംബം സിഇഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. തുടര്‍ന്ന് അപടകടത്തില്‍പെട്ട ബസ് ഇന്‍ഷൂര്‍ ചെയ്ത യുഎഇയിലെ കമ്പനിക്കെതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തര്‍ക്ക പരിഹാര കോടതിയില്‍ കേസ് നല്‍കി. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്ത് തെറ്റു സംഭവിച്ചിട്ടുണ്ടെന്നും ഇത് പരാതിക്കാരുടെ അനന്തരവകാശിയുടെ മരണത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് എതിര്‍കക്ഷിയായ ഇന്‍ഷുറന്‍സ് കമ്പനി രണ്ട് ലക്ഷം ദിര്‍ഹം(47 ലക്ഷം ഇന്ത്യന്‍ രൂപ) എബിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

Tags:    

Similar News