എടവണ്ണയില്‍ ബസ് ബൈക്കിലും മരത്തിലുമിടിച്ച് മൂന്നു മരണം

Update: 2019-02-26 10:11 GMT

മലപ്പുറം: എടവണ്ണ കുണ്ട്‌തോട് സുന്നി പള്ളിക്ക് സമീപം ബസ് ബൈക്കിനും മരത്തിനും ഇടിച്ച് ഉമ്മയും മകളും അടക്കം 3പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ എടവണ്ണ പോത്തുവെട്ടിയിലെ പെട്രോള്‍ പമ്പ് ഉടമ നീരുല്‍പ്പന്‍ ഉണ്ണിക്കമ്മദിന്റെ മകന്‍ ഫര്‍ഷാദ് (18) തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി വാകയില്‍ വീട്ടില്‍ പാത്തുമ്മ (55) മകള്‍ സുബൈദ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ എടവണ്ണയിലേയും മഞ്ചേരിയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കേറ്റവര്‍ കൂടുതലും ഗൂഡല്ലൂര്‍ സ്വദേശികളാണ്. മഞ്ചേരിയില്‍ നിന്നും വഴിക്കടവിലേക്ക് പോവുകയായിരുന്ന ബസ്സ് തൊട്ടു മുമ്പിലുണ്ടായിരുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് എതിര്‍ദിശയില്‍ നിന്നു വന്ന ഫര്‍ഷാദ് ഓടിച്ച ബൈക്കിനെ ഇടിച്ച് മരത്തിലിടിച്ചത്.

ഗൂഡല്ലൂര്‍ സ്വദേശിയായ മൈമൂന (40), തെഞ്ചേരി പുവ്വത്തിക്കല്‍ കറളിക്കാടന്‍ റിഫായി (42) ഗൂഡല്ലൂര്‍ സ്വദേശി ഷണ്‍മുഖന്‍ (62) നിലമ്പൂര്‍ കാപ്പില്‍ സ്വദേശിനി തൊങ്ങാടന്‍ വീട്ടില്‍ ശ്രീദേവി (36) ഗൂഡല്ലൂര്‍ സ്വദേശി സലീന (34) കരുവാരക്കുണ്ട് കളരിക്കല്‍ ഷൈജു, ഉള്ളാള്‍ പുത്തന്‍ തൊടിക സ്വദേശി ആമിന, മുസ്തഫ, ശിഹാബ് (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിലമ്പൂര്‍ മാനവേദന്‍ സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഫര്‍ഷാദ് പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബസ്സിടിച്ചത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുകയാണ്. ട്രോമാ കെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഏറനാട് എംഎല്‍എ പികെ ബഷീര്‍ അപകട സ്ഥലം സന്ദര്‍ശിച്ചു.

അപകടത്തില്‍ മരിച്ച ഫര്‍ഷാദ്‌




Tags:    

Similar News