ദുബയ്: വയനാട് മാനന്തവാടി സ്വദേശിയും ദുബയിലെ പ്രമുഖ വ്യവസായിയുമായ അന്തരിച്ച ജോയ് അറക്കലിന്റെ മൃതദേഹം പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചു. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനം ദുബയ് അല്‍ മക്തൂം വിമാനത്താവളത്തില്‍നുന്നു യുഎഇ സമയം വൈകീട്ട് 3.30നാണ് കോഴിക്കോട് കരിപ്പൂരിലേക്കു തിരിച്ചത്. പ്രത്യേക എയര്‍ ആംബുലന്‍സ് വഴി കരിപ്പൂരിലെത്തിച്ച മൃതദേഹം റോഡ് മാര്‍ഗമാണ് മാനന്തവാടിയിലെ വസതിയായ അറക്കല്‍ പാലസിലേക്ക് കൊണ്ടുപോവുന്നത്. രാവിലെ ഏഴിനു വീട്ടില്‍ പ്രാര്‍ഥനയ്ക്കു ശേഷം തുടര്‍ന്ന് കണിയാരം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ ദേവാലയം സെമിത്തേരിയില്‍ സംസ്‌കരിക്കും. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ദുബയില്‍ നിന്ന് മൃതദേഹം കൊണ്ടുവരുന്നത്. മൃതദേഹത്തോടൊപ്പം ജോയ് അറക്കലിന്റെ ഭാര്യ സെലിന്‍, മകന്‍ അരുണ്‍, മകള്‍ ആഷ്‌ലിന്‍ എന്നിവരും അനുഗമിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ നിശ്ചയിക്കപ്പെട്ട കുടുംബാംഗങ്ങള്‍ക്കു മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാവുക.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോയ് അറക്കല്‍ അന്തരിച്ചത്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് പ്രത്യേക വിമാനത്തില്‍ മൃതദഹേം നാട്ടിലെത്തിക്കുന്നത്. ലോക കേരളം സഭാംഗം അഡ്വ. ടി കെ ഹാഷിക് തൈക്കണ്ടിയുടെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി, ഇസിഎച്ച് ഡയറക്ടര്‍ ഫാരിസ് ഫൈസല്‍, ആദില്‍ ചാലാട് എന്നിവര്‍ ജബല്‍ അലി അല്‍ മക്തൂം അന്താരഷ്ട്ര വിമാനത്താവളത്തില്‍ മൃതദേഹത്തെ അനുഗമിച്ചു. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ അധികമാര്‍ക്കും പ്രവേശനം നല്‍കാതെയായിരുന്നു അന്തിമോപചാര ചടങ്ങുകള്‍ നടന്നത്. എംബാമിങ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാന്‍ വിവിധ തരത്തില്‍ ഇടപെടല്‍ നടത്തിയിരുന്നു. കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍, എംപിമാരായ എം കെ രാഘവന്‍, കെ സുധാകരന്‍, എലൈറ്റ് ഗ്രൂപ്പ് സാരഥി ആര്‍ ഹരികുമാര്‍, എം എ യൂസഫലി, ഡോ. ആസാദ് മൂപ്പന്‍, ഷംസുദ്ദീന്‍ മുഹ് യദ്ധീന്‍, മുസ്തഫ ഉസ്മാന്‍, ഇന്ത്യന്‍ കൗണ്‍സലേറ്റ്, ദുബയ്, യുഎഇ ഭരണധികാരികള്‍, മാധ്യമ സുഹൃത്തുക്കള്‍ തുടങ്ങിയവരാണ് ഇതിനു നേതൃത്വം നല്‍കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബിസിനസ് ബേയിലെ സുഹൃത്തിന്റെ കെട്ടിടത്തിലെ പതിനാലാം നിലയില്‍നിന്ന് ചാടി ജോയ് അറക്കല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബര്‍ദുബയ് പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.