സെക്രട്ടറിയായി തുടരാൻ കാനത്തിന് ആക്രാന്തം; ഒതുക്കാൻ നോക്കേണ്ടെന്നും സി ദിവാകരൻ

സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരാൾ തന്നെ സെക്രട്ടറിയായി തുടരണമെന്ന ആക്രാന്തം എന്തിന്? കാനം രാജേന്ദ്രൻ എന്നേക്കാൾ ജൂനിയറാണ്.

Update: 2022-09-27 06:49 GMT

തിരുവനന്തപുരം: സിപിഐ 24-ാം പാര്‍ടി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനം ഈ മാസം 30 മുതല്‍ ഒക്ടോബര്‍ 3 വരെ തിരുവനന്തപുരത്ത് നടക്കാനിരിക്കെ സംസ്ഥാന സെക്രട്ടറിക്കെതിരായ എതിർപ്പുകൾ മറനീക്കി പുറത്തേക്ക്. നിലവിലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നേക്കാൾ ജൂനിയറാണെന്നും തന്നെ ഒതുക്കാമെന്ന് ആരും കരുതേണ്ടെന്നും മുതിർന്ന നേതാവ് സി ദിവാകരൻ ഇന്ന് പ്രതികരിച്ചു.

സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരാൾ തന്നെ സെക്രട്ടറിയായി തുടരണമെന്ന ആക്രാന്തം എന്തിന്? കാനം രാജേന്ദ്രൻ എന്നേക്കാൾ ജൂനിയറാണ്. തിരുത്താൻ നോക്കിയപ്പോൾ തയ്യാറായില്ല. പിന്നെ ഇടപെടാൻ ശ്രമിച്ചില്ല. പ്രായപരിധി നിർദ്ദേശം അംഗീകരിക്കില്ലെന്നും തന്നെ വെട്ടിമാറ്റാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി പദവിയിൽ പ്രായപരിധിയുണ്ടോയെന്ന് ദേശീയ നേതൃത്വം പറയട്ടെയെന്ന് ദിവാകരൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഇക്കുറി മത്സരം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് ഒക്ടോബർ ഒന്നിന് പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ ഒന്നിന് വൈകീട്ട് നാലിന് ടാഗോര്‍ ഹാളില്‍ സെമിനാർ നടക്കും. ഇതിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പങ്കെടുക്കും. ഫെഡറലിസവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും എന്ന സെമിനാറിലാണ് ഇരുവരും പങ്കെടുക്കുക. സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങള്‍ തിരഞ്ഞെടുത്ത 563 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Similar News