പൗരത്വ പ്രക്ഷോഭക്കേസുകള്‍ പിന്‍വലിക്കുക; എസ് ഡിപി ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Update: 2023-07-25 16:46 GMT
കണ്ണൂര്‍: പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കുക, പിണറായി സര്‍ക്കാര്‍ വാക്ക് പാലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ കാള്‍ടെക്‌സില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എസി ജലാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സിഎഎയ്‌ക്കെതിരേ സമാധാനമായി സമര രംഗത്തിറങ്ങിയവര്‍ക്കെതിരേ അന്യായമായി കേസെടുക്കുകയും പിന്നീട് കേസ് പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കുകയും ചെയ്തിട്ട് രണ്ടുവര്‍ഷം പിന്നിട്ടിട്ടും കേസില്‍ അകപ്പെട്ടവര്‍ ഇന്നും കോടതി കയറിയിറങ്ങുകയാണ്. വഞ്ചനാപരമായ സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്രത്തിലെ ആര്‍എസ്എസ് സര്‍ക്കാര്‍ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമായി കൊണ്ടുവന്ന സിഎഎയും എന്‍ആര്‍സിയും കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞ് കൈയ്യടി നേടി അതിലൂടെ അധികാരം ഉറപ്പിച്ച ഇടതു സര്‍ക്കാര്‍ അല്‍പ്പം പോലും നീതി കാണിക്കാന്‍ തയ്യാറാവുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. ആര്‍എസ്എസ് പ്രീണനത്തിന്റെ ഭാഗമായാണ് അന്ന് എടുത്ത മുഴുവന്‍ കേസുകളുമെന്നും പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് എ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ഹസ്സന്‍ ചിയാനൂര്‍ വിഷയവതരണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം സി ഇംതിയാസ്, ഡെമോക്രാറ്റ് നാഷനല്‍ ലീഗ് ജില്ലാ സെക്രട്ടറി സലിം, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സമീറാ ഫിറോസ്, പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ഡി സുരേന്ദ്രനാഥ്, എസ് ഡിപിഐ ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ മൗലവി, മുസ്തഫ നാറാത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News