അമിത് ഷായ്ക്ക് സഹകരണവകുപ്പ്; മാണ്ഡവ്യയാണ് ആരോഗ്യമന്ത്രി, ജ്യോതിരാദിത്യ സിന്ധ്യ വ്യോമയാനം

ഹര്‍ദീപ് സിങ് പുരി പെട്രോളിയം, ധര്‍മ്മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസം, ജ്യോതിരാദിത്യ സിന്ധ്യ വ്യോമയാനം, അശ്വനി വൈഷ്ണവ് റെയില്‍വെ പര്‍ഷോത്തം രൂപാല ഫിഷറിസ് എന്നിങ്ങനെയാണ് വകുപ്പുകള്‍.

Update: 2021-07-07 17:54 GMT

ന്യൂഡല്‍ഹി: ഇന്നു പുതുതായി സത്യപ്രതിജ്ഞ ചെയ്ത കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സഹകരണമന്ത്രാലയത്തിന്റെ അധിക ചുമതല കൂടി ലഭിച്ചു. ചൊവ്വാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ സഹകരണമന്ത്രാലയം രൂപികരിച്ചത്, സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ഭരണ, നിയമ, നയരേഖ ഈ മന്ത്രാലയത്തിനുണ്ടാകും. ഇന്ത്യയിലെ ആദ്യത്തെ സഹകരണമന്ത്രിയാണ് അമിത് ഷാ.

മന്‍സൂഖ് മാണ്ഡവ്യയാണ് ആരോഗ്യമന്ത്രി. രാസവള വകുപ്പിന്റെയും ചുമതലചുമതലയും മന്‍സൂഖിനാണ്. കേന്ദ്രസഹമന്ത്രിയായിരുന്ന മാണ്ഡവ്യ ഗുജറാത്തില്‍ നിന്നുളള രാജ്യസഭാ അംഗമാണ്.

ഹര്‍ദീപ് സിങ് പുരി പെട്രോളിയം, ധര്‍മ്മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസം, ജ്യോതിരാദിത്യ സിന്ധ്യ വ്യോമയാനം, അശ്വനി വൈഷ്ണവ് റെയില്‍വെ പര്‍ഷോത്തം രൂപാല ഫിഷറിസ് എന്നിങ്ങനെയാണ് വകുപ്പുകള്‍.

യുവാക്കള്‍ക്കും വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിയാണ് നരേന്ദ്ര മോദിയുടെ രണ്ടാം സര്‍ക്കാരിലെ ആദ്യ പുനഃസംഘടന. 43 മന്ത്രിമാരാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നാരായണ്‍ റാണെയ്ക്കും കേന്ദ്രമന്ത്രിസഭയില്‍ ഇടം ലഭിച്ചു.

ഇതില്‍ 15 കാബിനറ്റ് മന്ത്രിമാരും 28 സഹമന്ത്രിമാരും ഉള്‍പ്പെടുന്നു. വൈകീട്ട് ആറു മണിയോടെ ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് 7.30 നാണ് പൂര്‍ത്തിയായത്. ഇതോടെ മോദിയുടെ രണ്ടാം സര്‍ക്കാരിലെ മന്ത്രിമാരുടെ എണ്ണം 77 ആയി. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഉള്‍പ്പെടെ 12 മന്ത്രിമാരുടെ രാജി സ്വീകരിക്കുന്നതായി രാഷ്ട്രപതിയുടെ ഓഫിസ് അറിയിച്ചതിനു പിന്നാലെയാണ് പുതിയ മന്ത്രിമാരുടെ വരവ് സംബന്ധിച്ച വാര്‍ത്തകളെത്തിയത്.

ഇതിനിടെ മന്ത്രിസഭാ പുനസ്സംഘടനയ്ക്ക് തൊട്ടുമുന്‍പ് നിയമ-ഐടി മന്ത്രി രവിശങ്കര്‍ പ്രസാദും വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറും രാജിവച്ചു. സംഘടനാപരമായ ചുമതലകളിലേക്കാകും മുന്‍മന്ത്രിമാരെ നിയോഗിക്കുകയെന്നാണ് സൂചന. മുന്‍പ് സഹമന്ത്രി പദവിയുണ്ടായിരുന്ന ഏഴുപേര്‍ക്ക് കാബിനറ്റ് പദവി ലഭിച്ചു.

പുതുതായി ചുമതലയേറ്റ 43 മന്ത്രിമാരില്‍ 36 പേരും പുതുമുഖങ്ങളാണ്. ഡോക്ടര്‍മാര്‍ മുതല്‍ തോട്ടം തൊഴിലാളിയായിരുന്നവര്‍ വരെ ഇതിലുണ്ട്. 13 അഭിഭാഷകര്‍, ആറു ഡോക്ടര്‍മാര്‍, അഞ്ച് എന്‍ജിനീയര്‍മാര്‍, ഏഴ് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, നാലു മുന്‍ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടുന്നു. പുതുതായി സ്ഥാനമേറ്റ ഏഴു വനിതകള്‍ ഉള്‍പ്പെടെ രണ്ടാം മോദി മന്ത്രിസഭയിലെ വനിതകളുടെ എണ്ണം 11 ആയി.

Tags:    

Similar News