ആര്‍എസ്എസ് ബന്ധം: കുല്‍ക്കര്‍ണിയെ ബൈഡന്‍ ഭരണകൂടത്തില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഎസില്‍ കാംപയിന്‍
പ്രെസ്റ്റണ്‍ കുല്‍ക്കര്‍ണിക്ക് തീവ്രഹിന്ദുത്വ ഗ്രൂപ്പായ ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദക്ഷിണേഷ്യയിലെ വലതുപക്ഷ ദേശീയത നിരീക്ഷിക്കുന്ന ഫ്രീലാന്‍സ് ജേണലിസ്റ്റ് പീറ്റര്‍ ഫ്രീഡ്രിക്ക് ഓണ്‍ലൈന്‍ പ്രചാരണത്തിന് തുടക്കമിട്ടത്.
ന്യൂഡല്‍ഹി: ജോ ബൈഡന്‍ ഭരണകൂടത്തിന്റെ സുപ്രധാന പദവിയില്‍ അടുത്തിടെ നിയമിതനായ പ്രെസ്റ്റണ്‍ കുല്‍ക്കര്‍ണിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഎസില്‍ ഓണ്‍ലൈന്‍ കാംപയിന് തുടക്കം. പ്രെസ്റ്റണ്‍ കുല്‍ക്കര്‍ണിക്ക് തീവ്രഹിന്ദുത്വ ഗ്രൂപ്പായ ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദക്ഷിണേഷ്യയിലെ വലതുപക്ഷ ദേശീയത നിരീക്ഷിക്കുന്ന ഫ്രീലാന്‍സ് ജേണലിസ്റ്റ് പീറ്റര്‍ ഫ്രീഡ്രിക്ക് ഓണ്‍ലൈന്‍ പ്രചാരണത്തിന് തുടക്കമിട്ടത്. ഫ്രീഡ്രിക്കിന്റെ ബ്ലോഗ് പോസ്റ്റില്‍ എഴുതിയ നിവേദനത്തില്‍ ഇതുവരെ 4000 പേരാണ് ഒപ്പുവച്ചത്.
ആര്‍എസ്എസ് പോലുള്ള വലതുപക്ഷ ഹിന്ദു ദേശീയ സംഘടനകളുമായി ബന്ധമുള്ളവരുടെ നിയമനങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ വലതുപക്ഷ ദേശീയതയ്‌ക്കെതിരെ പ്രചാരണം നടത്തുന്ന ഇന്ത്യന്‍ അമേരിക്കന്‍ ഗ്രൂപ്പുകള്‍ ബൈഡനെ പ്രേരിപ്പിച്ചിരുന്നുവെന്ന് ഫ്രീഡ്രിക്ക് അഭിപ്രായപ്പെട്ടു.സന്നദ്ധപ്രവര്‍ത്തകരെയും സേവന പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള ഫെഡറല്‍ ഏജന്‍സിയായ അമേറി കോര്‍പ്‌സിന്റെ പുതിയ വിദേശകാര്യ മേധാവിയായി കഴിഞ്ഞ തിങ്കളാഴ്ചയാണ് കുല്‍ക്കര്‍ണിയെ നിയമിച്ചത്.