ആര്‍എസ്എസ് മൗലികവാദത്തോട് പൊരുത്തപ്പെടാനാകില്ല, സഭയുടെ ലൗ ജിഹാദ് ആരോപണത്തിനെതിരേ ഫാദര്‍ പോള്‍ തേലക്കാട്

നൂറ്റാണ്ടുകളായി ക്രൈസ്തവരും ഹിന്ദുക്കളും മുസ്‌ലിംകളും പാരസ്പര്യത്തോടെ കഴിയുകയാണ്. അങ്ങനെയുള്ള സമൂഹത്തിന്റെ ബഹുസ്വരതയെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന തരത്തില്‍ തന്നെയായിരുന്നോ സഭയുടെ ലൗ ജിഹാദ് ആരോപണമെന്ന് സംശയമുണ്ട്

Update: 2020-01-21 09:42 GMT

കൊച്ചി: സഭയുടെ ലൗ ജിഹാദ് ആരോപണത്തിനെതിരേ ഫാദര്‍ പോള്‍ തേലക്കാട്. ആരോപണം സംഘപരിവാര്‍ വാദം ഏറ്റെടുത്തെന്ന വ്യാഖ്യാനത്തിന് ഇട നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സഭ ജാഗ്രത പാലിച്ചോയെന്നതില്‍ ആശങ്കയുണ്ട്. സംസ്ഥാനത്ത് ലൗ ജിഹാദ് നടത്തുന്ന സ്ഥാപനമോ സംഘടനയോ വ്യവസ്ഥിതിയോ ഇല്ലെന്ന് ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വയുടെ പേരിലുള്ള ആര്‍എസ്എസ് മൗലികവാദത്തോട് പൊരുത്തപ്പെടാനാകില്ല. പൗരത്വ നിയമത്തെ തുടര്‍ന്ന് മുസ്‌ലിംകള്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ അവരുടെ കൂടെ നില്‍ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഇന്ന് ഞാന്‍ നാളെ നീ എന്നാണ്. നാളെ ഇത് എല്ലാവരെയും ബാധിക്കാം. സഭയ്ക്ക് എന്തെങ്കിലും ആശങ്കയോ അരക്ഷിതബോധമോ ഉണ്ടെങ്കില്‍ ഇന്‍ക്ലൂസീവ് ഭാഷയായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലൗ ജിഹാദ് ആരോപണത്തില്‍ കേരള ഹൈക്കോടതിയും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഹാദിയ കേസ് അന്വേഷിച്ച എന്‍ഐഎയും അത്തരമൊരു ആരോപണത്തിന് അടിസ്ഥാനമില്ലെന്നാണ് കണ്ടെത്തിയത്. ആ കേസില്‍ സുപ്രിംകോടതിയും അത് ശരിവെച്ചിട്ടുണ്ട്. കൂടാതെ കര്‍ണാടകയിലും, ഉത്തര്‍പ്രദേശ് പോലുള്ള ഒരു സംസ്ഥാനത്തുപോലും അങ്ങനെയില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

നൂറ്റാണ്ടുകളായി ക്രൈസ്തവരും ഹിന്ദുക്കളും മുസ്‌ലിംകളും പാരസ്പര്യത്തോടെ കഴിയുകയാണ്. അങ്ങനെയുള്ള സമൂഹത്തിന്റെ ബഹുസ്വരതയെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന തരത്തില്‍ തന്നെയായിരുന്നോ സഭയുടെ ലൗ ജിഹാദ് ആരോപണമെന്ന് സംശയമുണ്ട്. സഭയുടേത് ബ്യൂറോക്രാറ്റിക് തീരുമാനം പോലെയായോയെന്ന് ശങ്കിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് ലൗ ജിഹാദ് നടക്കുന്നുവെന്ന സിറോ മലബാര്‍ സഭയുടെ ആരോപണത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഡിജിപി ലോക്‌നാഥ് ബെഹറയോട് വിശദീകരണം തേടിയിട്ടുണ്ട്. സിറോ മലബാര്‍ സഭയുടെ വാദത്തില്‍ 21 ദിവസത്തിനകം വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഡിജിപിയോട് നിര്‍ദേശിച്ചിരിക്കുന്നത്. സഭ സമര്‍പ്പിച്ച കത്തിന്റെയും പ്രമേയത്തിന്റെയും അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. 

Tags:    

Similar News