'ഞാനൊരു ബ്രാഹ്മണന്‍', കാവല്‍ക്കാരനാവാന്‍ പറ്റില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

റഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതിവായി ഉപയോഗിച്ചിരുന്ന പരാമര്‍ശമാണ് ചൗക്കിദാര്‍ ചോര്‍ ഹെ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്നത്.

Update: 2019-03-24 12:55 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൗക്കിദാര്‍ കാംപയിനെ തള്ളി ബിജെപി ദേശീയ നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. താനൊരു ബ്രാഹ്മണന്‍ ആയത് കൊണ്ട് തന്റെ പേരിന് മുന്നില്‍ ചൗക്കിദാര്‍(കാവല്‍ക്കാരന്‍) സുബ്രഹ്മണ്യന്‍ സ്വാമി എന്നാക്കി മാറ്റില്ലെന്ന് സ്വാമി പറഞ്ഞു. ജാതി പറഞ്ഞുള്ള സ്വാമിയുടെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍.

ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്വാമിയുടെ സ്വാമി വിവാദ പരാമര്‍ശം നടത്തിയത്. ഞാന്‍ ഒരു ബ്രാഹ്മണന്‍ ആണെന്നും അതിനാല്‍ ട്വിറ്ററില്‍ തന്റെ പേരിന് മുന്നില്‍ ചൗക്കിദാര്‍ എന്ന് ചേര്‍ക്കാനാവില്ലെന്നുമായിരുന്നു സുബ്രഹ്മണ്യ സ്വാമി പറഞ്ഞത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രധാനമന്ത്രി ചൗക്കിദാര്‍ കാംപയിന്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞ വാചകം പേരിനൊപ്പം ചേര്‍ത്ത് ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് 'ചൗക്കിദാര്‍ നരേന്ദ്ര മോദി' എന്നു മാറ്റുകയായിരുന്നു. പ്രധാനമന്ത്രിയോടൊപ്പം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, ജെ.പി. നഡ്ഡ എന്നിവരും ട്വിറ്റര്‍ അക്കൗണ്ടിലെ പേരിനുമുന്നില്‍ ചൗക്കിദാര്‍ പ്രയോഗം കൂട്ടിച്ചേര്‍ത്തു.

റഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതിവായി ഉപയോഗിച്ചിരുന്ന പരാമര്‍ശമാണ് ചൗക്കിദാര്‍ ചോര്‍ ഹെ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്നത്. എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന ഉള്‍പ്പെടെ ഇതു പിന്നീടു ഉപയോഗിച്ചു. 2014 ല്‍ പൊതുതിരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്രമോദി 'ചൗക്കിദാര്‍' എന്ന പ്രയോഗം ഉപയോഗിച്ചിരുന്നു.




Tags:    

Similar News